കട്ടപ്പന: മഹാപ്രളയത്തിൽ മലയിടിഞ്ഞ് മന്നാക്കുടി ടണൽമുഖത്ത് പതിച്ച കൂറ്റൻപാറ പൊട്ടിച്ചു നീക്കിത്തുടങ്ങി. ഇന്നലെ കെ.എസ്.ഇ.ബി. ഡാം സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെയാണ് പാറ പൊട്ടിക്കൽ ജോലികൾ ആരംഭിച്ചത്. ടണലിലെ നീരൊഴുക്ക് കുറയാത്തതിനാലാണ് പാറപൊട്ടിക്കൽ വൈകിയതെന്നാണ് ഡാം സുരക്ഷ വിഭാഗത്തിന്റെ വിശദീകരണം. രണ്ടാഴ്ച മുമ്പാണ് ടണലിലെ നീരൊഴുക്ക് കുറഞ്ഞത്. ടെൻഡർ പൂർത്തീകരിക്കുകയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാറയുടെ ചീളുകളും മണ്ണും നീക്കിയിരുന്നു. എന്നാൽ പിന്നീടുണ്ടായ രണ്ടാം പ്രളയത്തെത്തുടർന്ന് ജോലികൾ നിലച്ചു. രണ്ടുമാസത്തിനുള്ളിൽ കൂറ്റൻപാറ അടക്കം മുഴുവൻ പൊട്ടിച്ചു നീക്കി നീരൊഴുക്ക് സുഗമമാക്കാമെന്നാണ് ഡാം സുരക്ഷ വകുപ്പ് കരുതുന്നത്.
കല്ലാർ അണക്കെട്ടിലെ വെള്ളം ടണലിലൂടെയാണ് വലിയതോവാള മന്നാക്കുടി വഴി ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടിൽ എത്തിക്കുന്നത്. പിന്നീട് അഞ്ചുരുളി ടണലിലൂടെ ഇടുക്കി ജലാശയത്തിൽ പതിക്കുന്നു.
2018 ഓഗസ്റ്റ് 16നുണ്ടായ മലയിടിച്ചിലിലാണ് കൂറ്റൻപാറയും മണ്ണുമടക്കം ടണൽമുഖത്ത് പതിച്ചത്. ഇതോടെ ടണലിൽ നിന്നു പുറത്തേയ്ക്കുള്ള നീരൊഴുക്ക് നിലയ്ക്കുകയും കല്ലാർ ഡാമിൽ ജലനിരപ്പുയരുകയും ചെയ്തു. കല്ലാർ പുഴയുടെ തീരപ്രദേശങ്ങളിലടക്കം വെള്ളം കയറി.
2019 ഓഗസ്റ്റിലുണ്ടായ രണ്ടാംപ്രളയത്തിൽ പെട്ടെന്നു ജലനിരപ്പുയർന്നതോടെ കല്ലാർ അണക്കെട്ട് ദിവസങ്ങളോളം തുറന്നുവിട്ടു. കല്ലാർ, താന്നിമൂട്, മുണ്ടിയെരുമ, തൂക്കുപാലം, ബാലഗ്രാം എന്നിവിടങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിരുന്നു. ഉടുമ്പൻചോല താലൂക്ക് വികസന സമിതിയോഗത്തിലും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർക്കെതിരെ വിമർശനമുയർന്നിരുന്നു.