തൊടുപുഴ നഗരസഭയും കുടുബശ്രീയും സംയുക്തമായി ജെ.എൽ.ജി. സമൃദ്ധി കാമ്പയിൻ സംഘടിപ്പിച്ചു. മുനിസിപ്പൽ ടൗൺ ഹാളിൽ നടത്തിയ പരിപാടി നഗരസഭാ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ നവീന കൃഷി സംഘങ്ങളുടെ രൂപീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടായിരുന്നു ക്യാമ്പയിൻ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. ദുരന്തനിവാരണ പ്രൊജക്ടുകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'നമ്മൾ നമുക്കായി' പദ്ധതിയുടെ അവതരണവും ഇതോടൊപ്പം നടത്തി. ചടങ്ങിനോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ കൊറോണ രോഗബാധ ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർ നിരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവൽക്കരണം നടത്തി. ഡോ.ജോസ്‌മോൻ.പി.ജോർജ്ജ്, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ സുനിൽ കുമാർ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു.