എസ്റ്റിമേറ്റ് തുക 15 കോടി ; ചെലവായത് 12 കോടി

ഏറെനാളത്തെ കാത്തിരിപ്പിന് വിരാമം

ചുവപ്പ് നാടയിൽ കുരുങ്ങി കാലതാമസം

തൊടുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പുതിയ ബ്ലോക്ക് ഉദ്‌ഘാടനത്തിന് തയ്യാറാകുന്നു. സാങ്കേതികമായിട്ടുള്ള ഏതാനും ചില മിനുക്ക് പണികൾ കൂടി പൂർത്തിയായാൽ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാകും. തൊടുപുഴയിൽ ആശുപത്രി പ്രവർത്തന സജ്ജമായതിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായ പുതിയ ബ്ലോക്കിന് ഫണ്ട് അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്ന പി ജെ ജോസഫ് എം എൽ എ പ്രത്യേക താല്പര്യം എടുത്താണ് നബാർഡിൽ നിന്ന് പുതിയ ബ്ലോക്കിന് 15 കോടി അനുവദിച്ചത്. എട്ട് നിലകളുള്ള പുതിയ ബ്ലോക്കിന്റെ സിവിൽ വിഭാഗം ഉൾപ്പെടുന്ന കെട്ടിട നിർമ്മാണത്തിന് 10 കോടി, ഇലക്ട്രിക്കൽ, ലിഫ്റ്റ്, ഫയർ സേഫ്റ്റി, മറ്റ് മിനുക്ക് പണികൾ എന്നിവക്ക് 2 കോടി എന്നിങ്ങനെ ആകെ 12 കോടി രൂപയാണ് പുതിയ ബ്ലോക്കിനായി ചെലവായത്. എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ചതിൽ 3 കോടി മിച്ചമായി ലഭിച്ചു. ഭരണാനുമതി പ്രകാരം ഫണ്ട് അനുവദിച്ചെങ്കിലും ചുവപ്പ് നാടകളുടെ നൂലാമാലയിൽ പെട്ട് നിർമ്മാണം ആരംഭിക്കാൻ പിന്നെയും ഏറെ കാലതാമസം എടുത്തു. പിന്നീട് 2016 നവംബർ 12 ന് ആരോഗ്യ - കുടുംബക്ഷേമ മന്ത്രി ശൈലജ ടീച്ചറാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചത്.

എന്നാൽ സാങ്കേതിക കാരണത്താൽ നിർമ്മാണം പിന്നെയും നീണ്ടു. ഇത് സംബന്ധിച്ച് നാട്ടുകാരിൽ വ്യാപകമായ ആക്ഷേപവും നിലനിന്നിരുന്നു.

പൂർത്തിയാക്കിയ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭ്യമാക്കാൻ കെട്ടിട നമ്പറിനായി തൊടുപുഴ നഗരസഭ ഓഫീസിൽ ആശുപത്രി അധികൃതർ അപേക്ഷ നൽകിയെങ്കിലും ഫയർ സേഫ്റ്റി സംവിധാനം ഒരുക്കാത്തതിനാൽ അപേക്ഷ നിരസിച്ചു. പിന്നീട് ഫയർ സേഫ്റ്റി സംവിധാനം സജ്ജമാക്കാൻ ഏറെ നാളുകൾ പിന്നെയും താമസം വന്നു. പൊതുമരാമത്ത് വകുപ്പിന്റെ പൈനാവ് ഡിവിഷൻ കെട്ടിട നിർമ്മാണ വിഭാഗത്തിനായിരുന്നു കെട്ടിട നിർമ്മാണ ചുമതല. കഴിഞ്ഞ മാർച്ചിൽ സിവിൽ ജോലികൾ പൂർത്തീകരിച്ച് കെട്ടിട നിർമ്മാണ വിഭാഗം പൊതുമരാമത്ത് ഇലക്ട്രിക്കൽ വിങ്ങിന് കെട്ടിടം കൈമാറി. ഇവരുടെ നേതൃത്വത്തിലാണ് ഇലക്ട്രിക്കൽ, ലിഫ്റ്റ് നിർമ്മാണവും ദ്രുത ഗതിയിൽ നടക്കുന്നത്. ഏതാനും ആഴ്ചകൾക്കകം പണികൾ പൂർണ്ണമാക്കി പൊതുമരാമത്ത് വകുപ്പ് ആരോഗ്യ വകുപ്പിന് കെട്ടിടം കൈമാറും.