വിവരങ്ങൾ തിരികെ കിട്ടാൻ 980 യു.എസ്. ഡോളർ നൽകണം

കട്ടപ്പന: ഫോട്ടോ സ്റ്റുഡിയോയിൽ ഹാക്കർമാരുടെ സൈബർ ആക്രമണം. കട്ടപ്പനയിലെ സ്റ്റുഡിയോയിലെ കമ്പ്യൂട്ടർ ഹാക്ക് ചെയ്ത് 3000 ജി.ബി. വിവരങ്ങളാണ് നശിപ്പിച്ചത്. ചിത്രങ്ങളും ദൃശ്യമടക്കമുള്ളവ തിരികെ നൽകണമെങ്കിൽ 980 യു.എസ്. ഡോളറാണ് ഹാക്കർമാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ട്വന്റി ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ ബുധനാഴ്ച രാത്രിയാണ് സൈബർ ആക്രമണമുണ്ടായത്. ചിത്രങ്ങൾ അയയ്ക്കുന്നതിനായി ഇന്റർനെറ്റ് കണക്ഷൻ ബന്ധിപ്പിച്ചിരുന്നു. ഈ സമയത്താണ് വിവരങ്ങൾ ചോർത്തി ഫയലുകൾ നശിപ്പിച്ചത്.
ഇന്നലെ രാവിലെ കമ്പ്യൂട്ടർ ഓണാക്കിയപ്പോൾ ദൃശ്യങ്ങളുടെയും ചിത്രങ്ങളുടെയും ഫയലുകളൊന്നും തുറക്കാൻ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ 980 ഡോളർ നൽകിയാൽ ഫയലുകൾ തിരികെ നൽകാമെന്നുള്ള മുന്നറിയിപ്പ് വിൻഡോയും ദൃശ്യമായി. രണ്ട് ഹാർഡ് ഡിസ്‌കുകളിലും ഒരു എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌കിലുമായി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ് നഷ്ടപ്പെട്ടത്. വിവാഹ പാർട്ടികൾക്ക് നൽകാനുള്ളതും അടുത്തടെ ചിത്രീകരിച്ചതുമായ ഒൻപത് വിവാഹങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്റ്റുഡിയോയിലെ ജീവനക്കാർ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറിൽ ഘടിപ്പിച്ച പെൻഡ്രൈവുകളിലെ വിവരങ്ങളും നഷ്ടമായി.
അഞ്ച് കമ്പ്യൂട്ടറുകളാണ് സ്റ്റുഡിയോയിലുള്ളത്. ഇതിൽ ഒരെണ്ണമാണ് ഹാക്കർമാർ 'തകർത്ത'ത്. ഉടമകൾ നൽകിയ പരാതിയിൽ കട്ടപ്പന പൊലീസ് സ്റ്റുഡിയോയിലെത്തി പരിശോധന നടത്തി. ഇടുക്കി സൈബർ സെല്ലിൽ നിന്നുള്ള വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്. ഇവർ കമ്പ്യൂട്ടർ പരിശോധിക്കാമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ 18ന് അണക്കരയിൽ പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെ എട്ടു കമ്പ്യൂട്ടറുകളാണ് ഹാക്കർമാർ തകർത്തത്. 72 മണിക്കൂറിനുള്ളിൽ 750 യു.എസ്. ഡോളർ നൽകണമെന്നായിരുന്നു ഇവരോട് ആവശ്യപ്പെട്ടത്.