വനം മന്ത്രിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും
തുറന്നടിച്ച് കിസാൻ സഭ

കട്ടപ്പന: വനം മന്ത്രിക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും രൂക്ഷ വിമർശനവുമായി കിസാൻ സഭ ജില്ലാ കമ്മിറ്റി. വനത്തിന്റെയും വന്യജീവികളുടെയും മാത്രമല്ല, കർഷകരുടെ കാര്യങ്ങൾക്കൂടി മന്ത്രി നോക്കണമെന്ന് നേതാക്കൾ തുറന്നടിച്ചു. എന്തും ചെയ്യാമെന്ന് മനോഭാവമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ അതാതു മേഖലകളിൽ കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്നതു മാത്രം നിയമസഭയിൽ വായിച്ചാൽ പോര. അവരെ നിലയ്ക്കു നിറുത്താൻ മന്ത്രിക്ക് കഴിയണമെന്നും നേതാക്കൾ പറഞ്ഞു. വന്യമൃഗങ്ങൾക്ക് മാത്രമല്ല കൃഷിക്കാർക്കും ഇവിടെ ജീവിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥർ എല്ലായിടത്തും 'ചോല' ആണെന്നുള്ള ബോർഡ് സ്ഥാപിക്കുകയാണ്. കൃഷിക്കാരെ കുടിയിറക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.തേക്കടിയിൽ നാട്ടുകാരുടെ കടത്തിവിടാത്തത് വനത്തിനുള്ളിൽ നടക്കുന്ന തട്ടിപ്പ് പുറത്തറിയാതിരിക്കാനാണ്. വന്യമൃഗ ശല്യം രൂക്ഷമായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. ഈ വിഷയങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ്, ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ട്, സെക്രട്ടറി ടി.സി. കുര്യൻ, മണ്ഡലം പ്രസിഡന്റ് ഇ. റഷീദ് എന്നിവർ അറിയിച്ചു.