nidhin

കട്ടപ്പന: യുവാവ് കാനഡയിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിയുടെ മകൻ നിഥിൻ(25)നാ ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് ഇത്സംബന്ധിച്ച് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കാനഡയിലെ പ്രവിശ്യയായ ഒന്റാറിയോ എന്ന സ്ഥലത്താണ് നിഥിൻ താമസിച്ചിരുന്നത്. ബുധനാഴ്ച ഇവിടുത്തെ ജിംനേഷ്യത്തിനു സമീപത്തുള്ള സ്വീമ്മിൻപൂളിൽ മരിച്ചുകിടന്നതായാണ് വിവരം. ആളെ തിരിച്ചറിയാത്തതിനാൽ അവിടുത്തെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചിത്രം പ്രചരിപ്പിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.
മരണകാരണം ഇതുവരെയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നിഥിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെ നഴ്സാണ് നാട്ടിൽ വിവരമറിയിച്ചത്. എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയശേഷം മൂന്നുവർഷം മുമ്പാണ് കാനഡയ്ക്ക് പോയത്. പഠനത്തിനുശേഷം ഒരുവർഷം മുമ്പ് ജോലിയിൽ പ്രവേശിച്ചിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 11.30ന് നിഥിൻ അച്ഛൻ ഗോപിയെ വിളിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവർ നോർക്കാ റൂട്ട്സ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടുണ്ട്. അമ്മ ബീന കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്സാണ്. സഹോദരങ്ങൾ: ജ്യോതി, ശ്രുതി.