road
കോവിൽക്കടവിൽ നിന്നും പൊങ്ങംപള്ളിക്കുള്ള മൺപാത.

മറയൂർ: ഒരു കിലോമീറ്റർ ദൂരം മാത്രം യാത്രചെയ്യേണ്ടിടത്ത് ഇപ്പോൾ വേണ്ടത് എട്ട്കിലോമീറ്റർയാത്ര. കോവിൽക്കടവിൽ നിന്നും ഇടക്കടവിലേക്ക് എത്തുന്നതിനാണ് ഇപ്പോൾ വളഞ്ഞ്ചുറ്റി ഏഴ്കിലോമീറ്റർ അധികം യാത്രചെയ്യേണ്ടത്. ഇടക്കടവ്, പൊങ്ങംപള്ളി, പാളപ്പെട്ടി, തൂങ്കാവയൽ, വണ്ണാന്തുറെ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് വരവും പോക്കും ഏറെ ദുർഘടമായിരിക്കുകയാണ്. കാന്തല്ലൂർ വിനോദ സഞ്ചാര മേഖലയിൽ പ്രധാന ആകർഷണമായ ഇരച്ചിൽ പാറ വെള്ളച്ചാട്ടവും ഈ പാതയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ സഞ്ചാരികൾക്ക് എത്തണമെങ്കിലും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു. രോഗികളെ കമ്പിളി പുതപ്പിൽ കെട്ടിയാണ് ഇപ്പോൾ ഈ പാതയിലൂടെ കൊണ്ടുവരുന്നത്. പണി പൂർത്തികരിക്കാതെ വാഹനങ്ങൾ കടന്നു പോകുന്നത് അപകടകരവുമാണ്. കോവിൽക്കടവ് ടൗണിൽ നിന്നുള്ള റോഡിൽ ഒരു കിലോമീറ്റർ ദൂരം മണ്ണിട്ട പാതയാണ്, ഈ പാതയുടെ പണി പൂർത്തികരിച്ചാൽ മാത്രമേ ഇതുവഴി വാഹനഗതാഗതം സുഗമമായി നടക്കുകയുള്ളു.തൊഴിലുറപ്പ് പണിയിലൂടെ മൺ റോഡിന്റെ വീതി കൂട്ടുകയും നിരപ്പാക്കുകയും ചെയ്തിട്ടുണ്ട്. പാമ്പാറിന്റെ തീരത്ത് കൂടിയുള്ള ഈ റോഡിൽ ഒരു കിലോമീറ്റർ മാത്രമുള്ള റോഡിന്റെ പണി പൂർത്തികരിച്ചാൽ വലിയ വാഹനങ്ങൾക്ക് പോലും കടന്നു പോകുവാൻ കഴിയും.നിലവിൽ പയസ് നഗർ, ചുരക്കുളം, വഴി എട്ടുകിലോ മീറ്റർ ചുറ്റിയാണ് ഗ്രാമവാസികൾ ഇടക്കടവിൽ എത്തുന്നത്.