ഇടുക്കി: 5,000 കോടിയുടെ പാക്കേജ് വാനിഷായി, പകരം അന്തരീക്ഷത്തിൽ നിന്ന് ആയിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ഐസക്കിന്റെ ബഡ്ജറ്റ് മായാജാലം. 2019ൽ പ്രഖ്യാപിച്ച 5,000 കോടിയുടെ ഇടുക്കി പുനർജനി പാക്കേജിൽ നിന്ന് കഴിഞ്ഞ വർഷം ഒരു രൂപ പോലും ചെലവഴിക്കാതെ ആയിരം കോടി രൂപയുടെ പാക്കേജ് വീണ്ടും പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗം. 1000 കോടി രൂപ ഇടുക്കി പാക്കേജിന്റെ ഭാഗമായി 2020- 21ൽ ചെലവഴിക്കുമെന്നാണ് ബഡ്ജറ്റിൽ പറയുന്നത്. പ്രഖ്യാപനങ്ങളിൽ ഭൂരിഭാഗവും നടപ്പിലാക്കാത്ത കഴിഞ്ഞ പാക്കേജിലുള്ളത് തന്നെയാണ്. നേരത്തെ സർക്കാർ പ്രഖ്യാപിച്ചതാണെങ്കിലും ഇടുക്കിയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പരാമർശം പ്രതീക്ഷയേകുന്നു. എന്നാൽ എവിടെയാണ് സ്ട്രിപ്പ് സ്ഥാപിക്കുകയെന്നോ എത്ര തുക ഇതിനായി വകയിരുത്തിയിട്ടുണ്ടെന്നോ ബഡ്ജറ്റിൽ പരാമർശിച്ചിട്ടില്ല. പരിസ്ഥിതി സന്തുലനാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ള 103 പഴവർഗങ്ങളുടെയും മൂല്യവർദ്ധനയും ഉത്പാദനവും ഉത്പാദന ക്ഷമതയും ഉയർത്തുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന തന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ധനമന്ത്രി പറയുന്നു. കൃഷിഭൂമിയുടെ നഷ്ടപ്പെട്ട പോഷക മൂലകങ്ങളും ജൈവാംശങ്ങളും വീണ്ടെടുക്കുന്നതിന് മണ്ണ് പരിേശാധന നടത്തി പരിഹാര നടപടികൾ സ്വീകരിക്കും.

തുക വകയിരുത്തിയവ

 സമ്രഗഭൂവിനിമയ ആസൂത്രണം- 200 കോടി (റീബിൽഡ് കേരള)

 കൃഷി, മണ്ണുജല സംരക്ഷണം, മൃഗപരിപാലനം- 100 കോടി രൂപ

 പ്രാദേശിക ഡിസാസ്റ്റർ മാേനജ്മെന്റ് പ്ലാൻ, ശുചിത്വ ജലസംരക്ഷണ പരിപാടി, മരംനടീൽ കാമ്പയിൻ- 10 കോടി രൂപ

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ

 പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്ക് പ്രത്യേക ഡയറക്ടേററ്റ്
 തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും

 സ്പൈസസ്- അഗ്രോ പാർക്കുകളുടെ നിർമ്മാണം ഊർജ്ജിതപ്പെടുത്തും

 വട്ടവടയിലെ ശീതകാല വിളകൾക്ക് പ്രത്യേക പരിഗണന

 മെഡിക്കൽ കോളേജിന്റെ നിർമ്മാണം ഊർജിതപ്പെടുത്തും

ടൂറിസത്തിന് കിട്ടിയവ

 എയർ സ്ട്രിപ്പ് വന്നാൽ ടൂറിസത്തിന് വൻനേട്ടം

 ടൂറിസം ക്ലസ്റ്ററുകളും സർക്യൂട്ടുകളും ആവിഷ്‌കരിക്കും.

 ഫാം ടൂറിസത്തിനായിരിക്കും മുൻഗണന
 ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാംഘട്ടം

 ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം