ഇടുക്കി: സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാർഷികമേഖലയെ പുനരുദ്ധരിയ്ക്കാൻ ഉതകുന്ന യാതൊന്നും ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകാതിരുന്നത് വേദനാജനകമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. ഇടുക്കിയിൽ തൊണ്ണൂറുശതമാനം ആളുകളും കാർഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ്. പ്രളയാനന്തരം കൃഷിഭൂമിയും വളർത്തു മൃഗങ്ങളും ഒരായുഷ്‌ക്കാലത്തെ സാമ്പാദ്യവും നഷ്ടപ്പെട്ട കർഷകരെ വിസ്മരിയ്ക്കാൻ പാടില്ലായിരുന്നു. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ ഇടുക്കി പാക്കേജുകൊണ്ട് കർഷകർക്ക് നാളിതുവരെ യാതൊരു നേട്ടവും ഉണ്ടായിട്ടില്ല. കർഷകരുടെ കടങ്ങൾ എഴുതിതള്ളുന്നതിനോ പലിശ രഹിതമായി വായ്പ തിരിച്ചടയ്ക്കുന്നതിനോ നടപടി സ്വീകരിയ്ക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
എയർസ്ട്രിപ്പ്, ടൂറിസം രംഗത്ത് ഇടുക്കി ഡാമിനോട് ചേർന്നുള്ള ടൂറിസം കേന്ദ്രം, ഹൈഡൽ ടൂറിസം ഇക്കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയത് സ്വാഗതാർഹമാണ്.