അയ്യപ്പൻകോവിൽ :പഞ്ചായത്തിലെ ജൈവ മാലിന്യ സംസ്‌കരണത്തിന് ശാശ്വതപരിഹാരമായി തുമ്പൂർമുഴി മോഡൽ മാലിന്യ പ്ലാന്റ് യാഥാർത്ഥ്യമായി. മാട്ടുക്കട്ടയിൽ നിർമ്മിച്ച മാലിന്യപ്ലാന്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ എൽ ബാബു നിർവ്വഹിച്ചു. 8,66,214 രൂപ ചെലവഴിച്ച് മാട്ടുക്കട്ട മാർക്കറ്റിനോട് ചേർന്ന് സ്ഥാപിച്ച പ്ലാന്റിൽ ആറ് യൂണിറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിലൂടെ ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ജൈവവളമാക്കി മാറ്റുകയാണ് ലക്ഷ്യം. മാലിന്യങ്ങൾ സംഭരിക്കുന്നതിനായി ഒരു വാർഡിൽ നിന്ന് രണ്ട് വാളന്റിയർമാരെ വീതം തിരഞ്ഞെടുത്ത് ഹരിത കർമ്മ സേനയും രൂപീകരിച്ചു. ഉദ്ഘാടന യോഗത്തിന് വൈസ് പ്രസിഡന്റ് നിഷാ ബിനോജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രജനി കുഞ്ഞുമോൻ, ജയ്‌മോൾ ജോൺസൺ, മുരുകേശ്വരി മുത്തു, , ജാൻസി ചെറിയാൻ, പഞ്ചായത്ത് സെക്രട്ടറി പി.എൻ.സുരേന്ദ്രൻ നായർ, സി ഡി എസ് ചെയർപേഴ്സൺ ബീനാ സിന്തോൾ, അസിസ്റ്റന്റ് എഞ്ചിനീയർ ആർ.എസ്. അനുമോൾ ഹരിതസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.