bridj

മുട്ടം: വാഹനത്തിരക്കേറിയ തുരുത്തേൽ പാലത്തിലെ അപകടക്കെണി പൊതുമരാമത്ത് അധികൃതർ അവഗണിക്കുന്നു. ഈ ഭാഗത്തൂടെ കടന്ന് പോകുന്ന മുട്ടം പരപ്പാൻ തോടിന്റെ കുറുകെയുള്ള പാലത്തിന്റെ രണ്ട് വശങ്ങളിലും റോഡിനോട് ചേർന്ന് സംരക്ഷണ ഭിത്തിയോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഒരുക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറാവുന്നില്ല. മലങ്കര മൂന്നാം മൈൽ ഹില്ലി അക്ക്വാ കുപ്പിവെള്ള കമ്പനിക്ക് സമീപത്തുള്ള പാലത്തിന്റെ രണ്ട് വശങ്ങളിലായി വലിയ താഴ്ച്ചയും താഴെ പരപ്പാൻ തോട്ടിലെ വെള്ളവുമാണ്.ഇത് വഴിയാത്രക്കാർക്ക് ഏറെ അപകട ഭീഷണിയാവുകയുമാണ്. പാലത്തിന്റെ രണ്ട് വശങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി സൈഡിലേക്ക് വെട്ടിക്കുകയോ ഒതുക്കി പാർക്ക് ചെയ്യുകയോ ചെയ്താൽ താഴ്ചയിലേക്ക് പതിക്കും. മുന്നിലുള്ള വാഹനങ്ങളെ ഓവർ ടെയ്ക്ക് ചെയ്യുമ്പോഴും അപകടം സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്. പാലത്തിലുള്ള കെണി അറിയാത്ത ഡ്രൈവർമാർ കണ്ണൊന്ന് വെട്ടിയാൽ പിന്നെ പറയാനില്ല. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വലിയ വാഹനങ്ങൾക്ക് കടന്ന് പോകാൻ ടൂ വീലർ ഉൾപ്പടെയുള്ള ചെറു വാഹനങ്ങൾ റോഡിന്റെ സൈഡിലേക്ക് ഒതുക്കിയാലും അപകടം ഉണ്ടാവും.

വഴി വിളക്കുകൾ പ്രവർത്തിക്കാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടം കൂരിരുട്ടിലുമാണ്.ഇത് കാൽനട യാത്രക്കാർക്കും ഏറെ പ്രശ്നമാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, മുട്ടം, കരിങ്കുന്നം പഞ്ചായത്ത്‌ അധികൃതരും, വിവിധ സംഘടനകളും പ്രശ്നം പൊതുമരാമത്ത് അധികൃതരെ നിരവധി പ്രാവശ്യം അറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടാവുന്നില്ല.

അപകടം തുടർക്കഥ

തൊടുപുഴ - പുളിയന്മല റോഡിന്റെ ഭാഗമായതിനാൽ പകലും രാത്രിയുമായി നൂറ്കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നതും. ഒരു വർഷം മുൻപ് രാത്രിയിൽ മുട്ടം ഭാഗത്ത് നിന്ന് വന്ന ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽ പെട്ട് ഗുരുതരമായ പരിക്കുപറ്റിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പാലത്തിന്റെ ചുറ്റ് പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കി പെയിന്റ് അടിച്ചെങ്കിലും സുരക്ഷ സംവിധാനം ഒരുക്കാൻ നടപടികൾ നടപടികൾ സ്വീകരിക്കുന്നുമില്ല. സുരക്ഷിതത്വത്തിനായി പാലത്തിന്റെ ഒരു ഭാഗത്ത് പേരിന് രണ്ട് മൂന്ന് സർവ്വേക്കല്ലുകൾ കുഴിച്ചിട്ടിട്ടുണ്ട്, എന്നാൽ മറ്റ് ഭാഗങ്ങളിൽ ഇതും ഇല്ല.