കിഫ്ബിയിൽ നിന്ന് 1000 കോടി രൂപയുടെ പ്രവൃത്തികൾക്കുള്ള അനുവാദം നേരത്തെ നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും അത് ഏതൊക്കെയാണെന്ന് അറിയാതെ അന്തംവിടുകയാണ് ഇടുക്കിക്കാർ. പ്രളയനാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയ്ക്ക് പൊതുമരാമത്ത് പ്രവൃത്തികളിൽ പ്രത്യേക പരിഗണന നൽകിയെന്നാണ് ഐസക് പറഞ്ഞത്. 722 കോടി രൂപയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോൾ നിർമ്മാണത്തിലുള്ളത്. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി, ആർ.കെ.ഐ എന്നിവയിലായി 130 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. 278 കോടി രൂപയുടെ ബോഡിമെട്ട് മൂന്നാർ ദേശീയപാതയുടെ നിർമ്മാണം നടക്കുകയാണെന്നും ബഡ്ജറ്റിൽ പറയുന്നുണ്ട്. കിഫ്ബിയിലെ ആയിരം കോടിയിൽ വിദ്യാഭ്യാസ മേഖലയ്ക്ക് 100 കോടി രൂപ, കുടിവെള്ളത്തിന് 80 കോടി രൂപ, ആരോഗ്യത്തിന് 70 കോടി രൂപ, സ്‌പോർട്‌സിന് 40 കോടി രൂപ, മരാമത്ത് പണികൾക്ക് 300 കോടി രൂപ തുടങ്ങിയവ ഉൾപ്പെടും. എന്നാൽ ഇത് ഏതൊക്കെയാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. പ്രളയത്തിന് ശേഷം റോഡ് അറ്റകുറ്റ പണിക്ക് പതിവുപോലെ തുക അനുവദിച്ചതല്ലാതെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു നിർമാണപ്രവർത്തനവും ജില്ലയിൽ നടന്നിട്ടില്ലെന്നാണ് ഇവർ വാദിക്കുന്നത്.