തൊടുപുഴ: 'തോട്ടിൻകരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും..." എന്ന് അടൂർ ഭാസി പാടിയ പോലെ ബഡ്ജറ്റിലെ എയർസ്ട്രിപ്പ് പ്റഖ്യാപനം കേട്ട് ഇടുക്കിയിൽ വിമാനമിറങ്ങുന്നതും സ്വപ്നം കണ്ടിരിക്കുകയാണ് മലയോരജനത. കാസർഗോഡിനും വയനാടിനുമൊപ്പം ഇടുക്കിയിലും എയർസ്ട്രിപ്പ് സ്ഥാപിക്കുമെന്നത് രണ്ട് വർഷം മുമ്പ് തന്നെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇടുക്കിയിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുമെന്ന ഒറ്റവരിയല്ലാതെ എവിടെ എന്ത് എങ്ങനെ എന്നൊന്നും ഈ ബഡ്ജറ്രിൽ വിശദീകരിക്കുന്നില്ല. നേരത്തെ അണക്കരയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് നിർമ്മിക്കാൻ നടപടി ആരംഭിച്ചിരുന്നു. ഇടുക്കിയിൽ വിമാനത്താവളത്തിന് ഏറ്റവും അനുയോജ്യമായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ കണ്ടെത്തിയ സ്ഥലമായിരുന്നു അണക്കര. സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിച്ചപ്പോൾ പ്രതിഷേധം ശക്തമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2018ലാണ് സർക്കാർ അണക്കരയിൽ എയർസ്ട്രിപ്പ് പ്റഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപനത്തിന് ശേഷം കാര്യമായ പുരോഗമനം ഉണ്ടായില്ല. ഇപ്പോൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന എയർസ്ട്രിപ്പ് അണക്കരയിലെ തന്നെയാണോയെന്ന് വ്യക്തമല്ല. ചിന്നക്കനാലിലും പൈനാവിനടുത്ത് പെരിങ്കാലയിലും എയർസ്ട്രിപ്പ് സ്ഥാപിക്കുന്നതിനെക്കുറിച്ച് നേരത്തെ സാദ്ധ്യതാ പഠനം നടത്തിയിരുന്നു.


ടൂറിസത്തിനൊപ്പം ചിറക്മുളച്ച് എയർസ്ട്രിപ്പ്

 ചെറുവിമാനങ്ങൾക്ക് (75 സഞ്ചാരികൾ)​ ലാൻഡ് ചെയ്യാനാകുന്ന താവളം

 ഒരൊറ്റ റൺവേയെ ഉണ്ടാകൂ

 ലോകടൂറിസത്തിൽ വ്യാപകമാകുന്ന സംവിധാനം

 അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിൽ എളുപ്പത്തിൽ എത്താം

 ചാർട്ടേഡ് വിമാനങ്ങൾക്ക് നേരിട്ട് ലാൻഡ് ചെയ്യാം

 ചെറുവിമാനങ്ങളുടെ ആഭ്യന്തര ടൂറിസം സർവീസ് വ്യാപകമാകും