കട്ടപ്പന: കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നഗരസഭയിലെ കിടപ്പുരോഗികൾക്കായി ഇന്ന് അഞ്ചുരുളിയിൽ സ്‌നേഹസ്പർശം എന്ന പേരിൽ കുടുംബസംഗമം നടത്തും. രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. നഗരസഭാപരിധിയിൽ പാലിയേറ്റീവ് കെയറിൽ 378 പേരാണുള്ളത്. ഇവരിൽ 170 പേർ കിടപ്പുരോഗികളാണ്. വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നവർക്ക് പ്രതീക്ഷയുടെ പുതിയ ലോകം തുറക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.
ആംബുലൻസിലും മറ്റുവാഹനങ്ങളിലുമായി ഇവരെ വീടുകളിൽ നിന്നും പരിപാടിക്കുശേഷം തിരികെയും എത്തിക്കും. ഇവർക്കുള്ള ഭക്ഷണവും സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സംഗമം വൈകിട്ട് അഞ്ചിന് സമാപിക്കും.
സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, മുൻ എം.എൽ.എ. ഇ.എം. ആഗസ്തി, കളക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.