കട്ടപ്പന: രണ്ടു പ്രളയങ്ങൾ തകർത്തെറിഞ്ഞ ഇടുക്കിയിലെ കാർഷിക മേഖലയെ ബഡ്ജറ്റിൽ പാടെ അവഗണിച്ചു. ജില്ലയ്ക്ക് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന 1,​000 കോടിയുടെ പാക്കേജിൽ കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പദ്ധതികളൊന്നുമില്ല. കൃഷി, മണ്ണുജല സംരക്ഷണം, മൃഗപരിപാലനം എന്നിവയ്ക്കായി 100 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന വിധത്തിൽ ഇടുക്കിയെ നിലനിർത്തുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പരാമർശിച്ചിട്ടുണ്ടെങ്കിലും വില സ്ഥിരത ഉറപ്പാക്കാനുള്ള പദ്ധതികളില്ല. കുരുമുളക്, കാപ്പി, തേയില, കൊക്കോ തുടങ്ങിയ നാണ്യവിളകളെല്ലാം വിലത്തകർച്ച നേരിടുകയാണ്. പാക്കേജിൽ കുരുമുളക് കൃഷി പ്രോത്സാഹനത്തിനുള്ള പദ്ധതികളുമൊന്നുമില്ല. മൂന്നുവർഷം മുമ്പ് 700 രൂപയായിരുന്ന കുരുമുളക് വില ഇപ്പോൾ 300ലേക്ക് കൂപ്പുകുത്തി. തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കുമെന്നുള്ള പ്രഖ്യാപനം ആശ്വാസം നൽകുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്ത വരേണ്ടതുണ്ട്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ജില്ലയിലുള്ളത്. സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാലാവധി മാർച്ചിൽ അവസാനിക്കും. ഈ വിഷയത്തിലും ബഡ്ജറ്റിൽ മൗനം മാത്രമാണുള്ലത്.