മറയൂർ: കാന്തല്ലൂർ പഞ്ചായത്തിൽ കോവിൽക്കടവ് ടൗണിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആട് ചത്തു.കോവിൽക്കടവ് സ്വദേശി മാലതിയുടെ ആടിനെയാണ് വ്യാഴാഴ്ച വൈകിട്ട് കോവിൽക്കടവ് പൊങ്ങും പള്ളി റോഡിൽ വച്ച് നായ്ക്കൾ ആക്രമിച്ചത്.തീറ്റക്കായി ഈ മേഖലയിൽ വിട്ട ആടുകൾക്ക് നേരെയാണ് നായ്ക്കൾ ആക്രമം നടത്തിയത്.നായ്ക്കളെ തുരത്തി ഓടിക്കുവാൻ ശ്രമിച്ചെങ്കിലും അവ കൂട്ടമായി ആക്രമിക്കാൻ എത്തുകയായിരുന്നു. ഒരു വർഷത്തിനുള്ളിൽ നായ്ക്കളുടെ ആക്രമണത്തിൽ അൻപതിലധികം ആടുകൾ ചത്തിട്ടുണ്ട്. സമീപത്തുള്ള വനമേഖലയിൽ കഴിഞ്ഞ ദിവസം ഒരു മ്ലാവിനെ നായ്ക്കൾ കടിച്ചു കൊന്നിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കു നേരെയും നായ്ക്കളുടെ ശല്യം ഏറുകയാണ്. നൂറിലധികം നായ്ക്കളാണ് ഈ മേഖലയിൽ അപകടകാരികളായി അലഞ്ഞു തിരിയുന്നത്.