കട്ടപ്പന: തോട്ടങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനം പൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ആശ്വാസത്തിനു വക നൽകുന്നില്ല. പീരുമേട് ടീ കമ്പനി ഉൾപ്പെടെ പൂട്ടിയ തോട്ടങ്ങൾ തുറക്കുന്നതിനെക്കുറിച്ച് ബജറ്റിൽ ഒന്നും പറയുന്നില്ല. ജില്ലയിലെ തോട്ടം പ്രതിസന്ധി പരിഹാരം ഇനിയും വൈകുമെന്നുറപ്പാണ്. പീരുമേട് ടീ കമ്പനിയുടെ ലോൺട്രി, ചീന്തലാർ തോട്ടങ്ങളും എം.എം.ജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല തോട്ടങ്ങളുമാണ് പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്നത്.
തൊഴിൽ മന്ത്രി നിരവധി തവണ തോട്ടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. തുടർന്ന് തൊഴിലാളികളുടെ കണക്കെടുപ്പും നടത്തി. ജനുവരി 31 ന് മുമ്പ് പീരുമേട് ടീ കമ്പനി തുറക്കുന്നതിനായി തീരുമാനമെടുത്തിരുന്നെങ്കിലും നടപടിയുണ്ടായില്ല. തോട്ടത്തിന്മേലുള്ള വായ്പയും വൈദ്യുതി, റവന്യു കുടിശികകളും എഴുതിത്തള്ളണമെന്നാണ് മാനേജ്‌മെന്റിന്റെ പ്രധാന ആവശ്യങ്ങൾ.