.ചെറുതോണി:മണിയാറൻകുടിയിൽ നിന്നുള്ള യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണിയാറൻകുടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും വിദ്യാർത്ഥികളും ജില്ലാ കലക്ടർക്ക് പരാതി നൽകി. മണിയാറൻകുടി സകുളിൽ തങ്കമണി, മരിയാപുരം, ചെറതോണി വാഴത്തോപ്പ്, കരിമ്പൻ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് പഠിക്കുന്നത്. മണിയാറൻകുടിയിലേയ്ക്ക് മൂന്നു ബസുകളാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. സ്‌കൂൾ സമയത്തും തിരികെ പോകുന്നതിനും പലപ്പോഴും ബസ് കിട്ടാറില്ല. അതിനാൽ കുട്ടികളും യാത്രക്കാരും ട്രിപ്പ് ഓട്ടോറിക്ഷകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അടുത്തകാലത്ത് മണിയാറൻകുടിയിലേയും ചെറുതോണിയിലേയും ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെതുടർന്ന് രണ്ടുകൂട്ടരും ഓട്ടോറിക്ഷകൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിലെത്തിയിരുന്നു. ഇതേ തുടർന്ന് ആർ.ടി.ഒയും പൊലീസും ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയില്ല. ഇതിനിടെ ഒരാൾ കോടതിയെയും സമീപിച്ചു. തുടർന്ന് ട്രിപ്പ് നിരോധിക്കുകയായിരുന്നു. ഇതോടെയാണ് മണിയാറൻകുടിയിലേയ്ക്കുള്ള യാത്ര ദുഷ്‌കരമായത്. വാഹനമില്ലാത്തതിനാൽ കുട്ടികൾ ചെറതോണിവരെ ആറ്കിലോമീറ്റർ ദൂരം നടന്നാണ് യാത്ര ചെയ്യുന്നത്.