ശാന്തമ്പാറ: ചണ്ണക്കട പാലത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പൂപ്പാറ സ്വദേശി രാജേഷിനാണ് സാരമായി പരിക്കേറ്റത്. തേനി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. പൂപ്പാറയിൽ ലോഡ് ഇറക്കിയ ശേഷം ശാന്തമ്പാറയ്ക്ക് പോവുകയായിരുന്ന ടിപ്പർ പൂപ്പാറ- കുമളി റൂട്ടിലെ കൊടുംവളവിലെ ഇടുങ്ങിയ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ പുഴയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. അപകടസമയം രാജേഷ് മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. തൊട്ടുപിന്നാലെ എത്തിയ വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി രാജേഷിനെ പുറത്തെടുത്തു. പരിക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജിൽ
പ്രവേശിപ്പിക്കുകയായിരുന്നു. പൂപ്പാറ- കുമളി സംസ്ഥാന പാതയിൽ അരനൂറ്റാണ്ടിലേറെ കാലം മുമ്പ് നിർമ്മിച്ച ഇടുങ്ങിയ ചണ്ണക്കടപ്പാലത്തിൽ ഇതിനോടകം ഡസൻ കണക്കിന് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. റോഡിന്റെ അശാസ്ത്രീയത മൂലം പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് മിക്ക അപകടങ്ങൾക്കും കാരണം. പാലം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാണ്.