തൊടുപുഴ: കടക്കെണിയിലായ ജനങ്ങളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ഇൻഫെന്റ് തോമസ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. കടക്കെണിയിലായ ജനങ്ങളെ സഹായിക്കുന്നതിന് രണ്ടു വർഷത്തെ എല്ലാത്തരം ബാങ്ക് വായ്പകളുടെയും പലിശ പൂർണമായും രണ്ടുലക്ഷം രൂപ വരെയുള്ള എല്ലാ ലോണുകളും എഴുതി തള്ളി ആത്മഹത്യയുടെ ഭീതിയിൽ കഴിയുന്ന ജില്ലയിലെ ജനങ്ങളെ സഹായിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ കാര്യത്തിൽ സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. ബാങ്കുകൾ ജപ്തി നടപടികളുമായി മുമ്പോട്ടു പോയാൽ ശക്തമായ ജനകീയ ശക്തി ബാങ്കുകളുടെ ജനദ്രോഹനടപടികളെ നേരിടും. ജപ്തി നടപടികൾ നേരിടുന്നവരുടെ യോഗം മാർച്ച് ആദ്യവാരം വിളിച്ചു ചേർത്ത് ഭാവിപരിപാടികൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.