കട്ടപ്പന: വാർദ്ധക്യത്തിന്റെ അവശതയിലും അഞ്ചുരുളിയിലേക്കു വരുമ്പോഴും തിരികെ പോകുമ്പോഴും അവരുടെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു. സുഖത്തിലും ദുഃഖത്തിലും നാട് ഒപ്പമുണ്ടെന്ന് അവർതിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.അഞ്ചുരുളിയുടെ മനോഹാരിത ആസ്വദിച്ചും നാടിന്റെ സ്‌നേഹസ്പർശം ആവോളം ഏറ്റുവാങ്ങിയും പുതിയ പ്രതീക്ഷകളുമായി അവർ വീടുകളിലേക്കു മടങ്ങി. കട്ടപ്പന നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ കിടപ്പുരോഗികൾക്കായി സ്‌നേഹ സ്പർശം എന്ന പേരിൽ സംഘടിപ്പിച്ച കുടുംബസംഗമം നാടിന്റെതന്നെ ഉത്സവമായി മാറി. നഗരസഭ പരിധിയിലെ 200ൽപ്പരം കിടപ്പുരോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ഇടുക്കി ജലാശയത്തിന്റെ തീരത്ത് ഒരുക്കിയ പന്തലിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിലാണ് എത്തിച്ചത്. കിടക്ക അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയത്.
രാവിലെ പത്തനിനോടെ ആരംഭിച്ച സംഗമം വൈകിട്ട് അഞ്ചിനാണ് സമാപിച്ചത്.
റോഷി അഗസ്റ്റിൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയതു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി, നഗരസഭ കൗൺസിലർമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് തൃശൂർ പുനർജനിയുടെ നാടൻ പാട്ടുകളും നാടൻ കലാരൂപങ്ങളുടെ അവതരണവും നടന്നു. സംഗമത്തിൽ പങ്കെടുത്തവരുടെ കലാപരിപാടികളും അരങ്ങേറി.
റോട്ടറി ക്ലബ്കട്ടപ്പന അപ്ടൗൺ, ലയൺസ് ക്ലബ് കട്ടപ്പന, കട്ടപ്പന വിമൻസ് ക്ലബ്, കട്ടപ്പന മർച്ചന്റ്സ് യൂത്ത് വിംഗ്, ഐ.സി.ഡി.എസ്, കുടുംബശ്രീ, എച്ച്.എം.ടി.എ, പത്ര പ്രവർത്തക കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, ഇല നേച്ചർ ക്ലബ്, ചിരി ക്ലബ്, കട്ടപ്പനക്കാരൻ, കട്ടപ്പന ഗവ. കോളജ് എൻ.സി.സി യൂണിറ്റ്, ഐ.എച്ച്.ആർ.ഡി കോളജ് എൻ.എസ്.എസ് യൂണിറ്റ്, സെന്റ് ജോൺസ് കോളജ് ഓഫ് നഴ്സിങ്, സാരഥി ഡ്രൈവേഴ്സ് കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് അഞ്ചുരുളി, സമീക്ഷ തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.
'പാലിയേറ്റീവ് കെയർ രോഗികൾക്കായി താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് അനുവദിക്കും'
റോഷി അഗസ്റ്റിൻ എം.എൽ.എ.