തൊടുപുഴ: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയെ തുടർച്ചയായി കബളിപ്പിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച 5,​000 കോടി രൂപയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ല. ഇത്തവണയും 1000 കോടി പ്രഖ്യാപിച്ചപ്പോൾ ആകെ 6000 കോടി ബജറ്റിൽ ഉണ്ടോയെന്ന് എൽ.ഡി.എഫ്. വ്യക്തമാക്കണം. പ്രളയാനന്തര നടപടികൾ ഉൾക്കൊള്ളിക്കുന്നതിൽ ഇത്തവണയും സർക്കാർ പരാജയപ്പെട്ടു. പ്രളയത്തിൽ തകർന്നുപോയ ചില റോഡുകൾ ഇപ്പോഴും തകർന്ന് കിടക്കുകയാണ്. കാർഷിക ഉത്പന്നങ്ങൾക്ക് തറവില പ്രഖ്യാപിക്കുന്ന ഒരു നിർദ്ദേശങ്ങളും ബഡ്ജറ്റിൽ പ്രഖ്യാപിക്കാത്തത് നിരാശാജനകമാണ്. ഭൂമിയുടെ ന്യായവില 10% വർദ്ധിപ്പിച്ച നടപടി ജില്ലയെ പ്രതികൂലമായി ബാധിക്കും. പോക്കുവരവ് ഫീസ്, വസ്തുവിന്റെ സ്‌കെച്ച് എടുക്കുന്നതിനുള്ള ഫീസ് തുടങ്ങിയ നിർദ്ദേശങ്ങൾ ഇടുക്കി ജില്ലയിലെങ്കിലും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.