കട്ടപ്പന: വാതിലിന്റെ പൂട്ട് അബദ്ധത്തിൽ വീണ് ഫ്ളാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തി. കട്ടപ്പന റെസ്റ്റ് ഹൗസിനുസമീപമുള്ള ഫ്ളാറ്റിലാണ് സംഭവം. ഇന്നലെ രാവിലെ ഒൻപതോടെയാണ് കുട്ടി കിടപ്പുമുറിയിൽ അകപ്പെട്ടത്. കളിക്കുന്നതിനിടെ ഒറ്റയ്ക്ക് മുറിയിൽ കയറിയ കുട്ടി വാതിൽ അടച്ചപ്പോൾ പൂട്ടുവീഴുകയായിരുന്നു. കുട്ടിയുടെ അമ്മയും ജോലിക്കാരിയും ഈ സമയം വീട്ടിലുണ്ടായിരുന്നു. വാതിൽ തുറക്കാൻ കഴിയാത്ത കുട്ടി കരഞ്ഞപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. കുട്ടിയുടെ അമ്മ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് ഫ്ളാറ്റ് ഉടമയേയും ജീവനക്കാരെയും വിവരമറിയിച്ചു. ഇടുക്കിയിലായിരുന്ന കുട്ടിയുടെ പിതാവ് വിവരമറിഞ്ഞ് അഗ്നിശമന സേനയേയും വിളിച്ചറിയിച്ചു. ഇതിനിടെ ഫ്ളാറ്റിലെ ജീവനക്കാർ സ്ഥലത്തെത്തി വാതിലിന്റെ പൂട്ട് തകർത്ത് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു.