ഇടുക്കി: ജില്ലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ജപ്തനടപടികൾ നിറുത്തിവയ്ക്കണമെന്ന് ഡി.സി.സി നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ട് പ്രളയങ്ങൾ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ വായ്പകൾ എഴുതിതള്ളുകയോ പലിശ ഒഴിവാക്കുകയോ എങ്കിലും ചെയ്യണം. പ്രളയദുരിതങ്ങൾക്ക് പുറമേ നിരവധി കർഷകർ ആത്മഹത്യ ചെയ്ത ജില്ലയെന്ന പരിഗണന സംസ്ഥാന ബഡ്ജറ്റിൽ പോലും നൽകാത്തത് പ്രതിഷേധാർഹമാണ്. കർഷക ആത്മഹത്യകൾ നടക്കുന്ന നാട്ടിൽ അവരുടെ ദുരിതമകറ്റാതെ എയർസ്ട്രിപ്പ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിന്റെ മനോഭാവം അപാരമാണെന്ന് യോഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ച യോഗം ഇടുക്കിയുടെ സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ.മാരായ അഡ്വ. ഇ. എം. ആഗസ്തി, പി. പി. സുലൈമാൻ റാവുത്തർ, കോൺഗ്രസ് നേതാക്കളായ സി. പി. മാത്യു, ആർ. ബാലൻപിള്ള, എം. കെ. പുരുഷോത്തമൻ, പി. വി. സ്‌കറിയ എന്നിവർ പ്രസംഗിച്ചു.

28ന് ജില്ലാ പദയാത്ര

ഡി.സി.സിയുടെ നേതൃത്വത്തിൽ 28ന് വണ്ണപ്പുറത്ത് നിന്ന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് നെടുങ്കണ്ടത്ത് സമാപിക്കുന്ന വിധത്തിൽ ജില്ലാപദയാത്രയ്ക്ക് യോഗം രൂപം നൽകി. 35 ദിവസം പിന്നിട്ട് കാൽനടയായി 600 കിലോമീറ്റർ സഞ്ചരിച്ച് ഡി.സി.സി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭയാത്രയുടെ ഉദ്ഘാടനം വണ്ണപ്പുറത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാപനസമ്മേളനം നെടുങ്കണ്ടത്ത് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും ഉദ്ഘാടനം ചെയ്യും.