ഇടുക്കി: ജില്ലയിൽ കിസാൻ ക്രെഡിറ്റ് കാർഡ് സാച്ചുറേഷൻ പദ്ധതി നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ. പദ്ധതി നിർവഹണത്തിനായി ജില്ലാ ലീഡ് ബാങ്ക് മാനേജർ ജി. രാജഗോപാലന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൃഷി വകുപ്പിന്റെ പ്രത്യേക നിർദ്ദേശാനുസരണം നബാർഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ സാമ്പത്തിക സഹായം ലഭിച്ച എല്ലാ കർഷകർക്കും 24ന് മുമ്പായി പദ്ധതി നിബന്ധനകൾക്ക് വിധേയമായി കെ.സി.സി വായ്പ ലഭ്യമാക്കും. പദ്ധതി പൂർത്തികരണത്തിനായി ഓരോ ബാങ്കിനും ടാർഗറ്റ് നൽകി. മൃഗസംരക്ഷണം, മത്സ്യബന്ധനം, എന്നിവയ്ക്കുള്ള പ്രവർത്തന മൂലധനത്തിനും കെ.സി.സി വായ്പ ലഭ്യമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെയുള്ള വായ്പകൾ നാല് ശതമാനം പലിശയിൽ ലഭിക്കും. 1.60 ലക്ഷം വരെയുള്ള വായ്പകൾക്ക് ഈട് നൽകേണ്ടതില്ല. ജില്ലയിലെ വാണിജ്യബാങ്കുകൾ, സഹകരണബാങ്ക്, ഗ്രാമീണ ബാങ്കുകൾ മുഖേന ഈ വായ്പ ലഭ്യമാണ്. വായ്പ എടുക്കാത്ത അർഹതപ്പെട്ട കർഷകർ അവരുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.