alan
ഇടുക്കി ജലാശയത്തിൽ മുങ്ങി മരിച്ച അലന്റെ മൃതദേഹം സ്‌കൂബ ഡൈവിംഗ് സംഘം പുറത്തെടുത്തപ്പോൾ.

കട്ടപ്പന: ഇടുക്കി ജലസംഭരണിയിലെ മരണക്കയത്തിലകപ്പെട്ട് ഒരു ജീവൻ കൂടി അകാലത്തിൽ പൊലിഞ്ഞു. മുന്നറിയിപ്പ് അവഗണിച്ച് ജലാശയത്തിലിറങ്ങി ജീവൻ നഷ്ടമായവർ നിരവധിയാണ്. കണ്ണൊന്നു തെറ്റിയാൽ പതിക്കുന്നത് നിലയില്ലാ കയത്തിലാണെങ്കിലും സന്ദർശകരുടെ സാഹസികതയ്ക്ക് കുറവില്ല. ഏറ്റവുമൊടുവിൽ കാൽവരിമൗണ്ട് ഒമ്പതാംമൈൽ സ്വദേശി അമൽ ടോമിയാണ് (16) മുങ്ങി മരിച്ചത്. സുരക്ഷിത സ്ഥലങ്ങളിൽ നിന്നു അഞ്ചുരുളിയുടെ സൗന്ദര്യം വീക്ഷിക്കാമെങ്കിലും യുവാക്കളായ സന്ദർശകർ വെള്ളത്തിലിറങ്ങുന്നതും വഴുക്കലുള്ള പാറക്കെട്ടുകളിൽ കയറുന്നതും പതിവാണ്. പ്രധാന കേന്ദ്രത്തിനു പുറമേ കല്യാണത്തണ്ട് മലനിരകളിലൂടെ കാൽനടയായി എത്തിച്ചേരാൻ കഴിയുന്ന മറ്റു തീരപ്രദേശങ്ങളുമുണ്ട്. ഇവിടങ്ങളിൽ അപകടമുണ്ടായാൽ നാട്ടുകാർക്കോ അഗ്നിശമന സേനയ്‌ക്കോ പെട്ടെന്നു എത്തിച്ചേരാൻ കഴിയില്ല. അഞ്ചുരുളിയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്താണ് അലൻ അപകടത്തിൽപ്പെട്ടത്. പ്രധാന കേന്ദ്രത്തിൽ പുതുതായി നിർമിച്ച നടപ്പാതയിൽ നിന്ന് ഇടുക്കി ജലസംഭരണിയുടെ വിദൂരദൃശ്യം സന്ദർശകർക്ക് കാണാനാകും. എന്നാൽ നടപ്പാതയുടെ അറ്റത്ത് ടണലിൽ നിന്ന് ഇടുക്കി ജലസംഭരണിയിലേക്ക് വെള്ളം പതിക്കുന്ന ഭാഗത്താണ് സന്ദർശകർ ഇറങ്ങുന്നതും ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതും. ഇവിടെ നിന്ന് കാൽവഴുതിയാൽ ജലസംഭരണിയിലെ കയത്തിലാണ് പതിക്കുന്നത്. ഇരട്ടയാർ ഡാമിൽ നിന്നുള്ള വെള്ളം ഇടുക്കി ജലസംഭരണിയിലേക്ക് എത്തിക്കുന്ന ടണലാണ് കേന്ദ്രത്തിലെ പ്രധാന ആകർഷണം. ടണൽമുഖത്തിന്റെ അറ്റത്തുനിന്നു ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നവരും കുറവല്ല. സാഹസികത നടത്തുന്ന സന്ദർശകരെ പലപ്പോഴും നാട്ടുകാർ ഇടപെട്ടാണ് പറഞ്ഞയയ്ക്കുന്നത്. നാലുവർഷം മുമ്പ് ജലാശയത്തിൽ കുളിക്കുന്നതിനിടെ തമിഴ്നാട് സ്വദേശിയും മുങ്ങി മരിച്ചിരുന്നു.

അപകടകയങ്ങൾ അനവധി

കയങ്ങളും പാറക്കെട്ടുകളും നിറഞ്ഞതാണ് ഇടുക്കി ജലസംഭരണി. കയത്തിൽ അകപ്പെട്ടാൽ രക്ഷപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. അലൻ അപകടത്തിൽപ്പെട്ടതും പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്താണ്. പ്രളയങ്ങൾക്കുശേഷം അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ഇടുക്കി ജലസംഭരണിയുടെ തീരപ്രദേശങ്ങൾ അപകടാവസ്ഥയിലാണ്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി.