തെക്കുംഭാഗം: ലയൺസ് ക്ളബ് ഒഫ് തൊടുപുഴ ഈസ്റ്റിന്റെയും തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെ ഡോക്ടർമാർ നടത്തുന്ന സൗജന്യ നേത്ര പരിശോധനാ തിമിര ശസ്ത്രക്രിയ ക്യാമ്പ് 13ന് രാവിലെ 9.30 ന് അഞ്ചിരി ഹെൽത്ത് സബ് സെന്ററിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കുക. ഫോൺ : 9447108858.
അദ്ധ്യാപക ഒഴിവ്
പൂമാല: പൂമാല ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 11ന് രാവിലെ 10ന് സ്കളിൽ നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തിച്ചേരണം.
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
തൊടുപുഴ: തപാൽ വകുപ്പിൽ നിന്ന് ബി.പി.എം, എ.ബി.പി.എം, ഡാക് സേവക് എന്നീ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി നാഷണൽ ഫെഡറേഷൻ ഒഫ് പോസ്റ്റൽ എംപ്ളോയിസ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. നിയമനവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ, ഹാജരാക്കേണ്ട രേഖകൾ തുടങ്ങിയ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെടണം. ഫോൺ: 9400428750, 9447151902, 9447513474.
മസ്റ്ററിംഗ് നടത്തണം
തൊടുപുഴ: കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി ബോർഡിലെ പെൻഷൻ കൈപ്പറ്റുന്ന അംഗങ്ങൾ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് നടത്തേണ്ടതിനാൽ ഇതുവരെ മസ്റ്ററിംഗ് നടത്താത്തവരും 2019 ഡിസംബർ വരെ പെൻഷൻ ലഭിക്കുന്നതിനായി ഈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നവരും ജില്ലയിലെ അക്ഷയ സെന്റർ വഴി 15 വരെ മസ്റ്ററിംഗ് നടത്തേണ്ടതാണ്. അല്ലാത്തവർക്ക് തുടർ പെൻഷൻ ലഭിക്കില്ലെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.
മുട്ടക്കോഴി വിതരണം
തൊടുപുഴ: നഗരസഭ 2019- 20 ജനകീയാസൂത്രണ പദ്ധതി പ്രകാരം മങ്ങാട്ടുകവല ജില്ലാ മൃഗാശുപത്രി വഴി നടപ്പാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതി അനുസരിച്ച് ഓരോ ഗുണഭോക്താവിനും 45- 60 ദിവസം പ്രായമായ അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിൽ 20ന് വിതരണം ചെയ്യുന്നു. ഗുണഭോക്താക്കൾ ഗുണഭോക്തൃ വിഹിതമായ 300 രൂപാ 15 ന് മുമ്പ് മൃഗാശുപത്രിയിൽ അടച്ച് രസീത് കൈപ്പറ്റണം.
വളർത്തുമൃഗ ചന്ത
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വളർത്തുമൃഗ ചന്തയുടെ പ്രവർത്തന സമയം എല്ലാ വ്യാഴാഴ്ചയും രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് 12വരെ ദീർഘിപ്പിച്ചതായി കൺവീനർ സജി മാത്യു അറിയിച്ചു. വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപാസിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.
സമയപരിധി നീട്ടി
തൊടുപുഴ: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ കുടിശിഖ അടച്ച് തീർക്കാനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. ഒമ്പത് ശതമാനം പലിശ സഹിതമാണ് കുടിശിഖ അടയ്ക്കേണ്ടത്. ഫോൺ: 04862- 220308.
രാജ്യപുരസ്കാർ അവാർഡ് ദാനം
തൊടുപുഴ: കോടിക്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്ന് രാജ്യപുരസ്കാർ അവാർഡ് കരസ്ഥമാക്കിയ 12 കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സ്കൂൾ മാനേജരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാളിയാർ എസ്.ഐ വി.സി വിഷ്ണുകുമാർ അവാർഡുകൾ വിതരണം ചെയ്തു.
പെൻഷൻ ആനുകൂല്യങ്ങൾ നൽകണം
തൊടുപുഴ: ബി.എസ്.എൻ.എലിൽ നിന്ന് വോളണ്ടറി റിട്ടയർമെന്റ് എടുത്തവരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുമെന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ട് അനുവദിക്കാത്തതിനാൽ വോളണ്ടറി റിട്ടയർമെന്റ് എടുത്തവർ ആശങ്കയിലാണെന്ന് തൊടുപുഴയിൽ ചേർന്ന ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ. രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ.എൻ. പട്നായർ ഉദ്ഘാടനം ചെയ്തു. സർക്കിൾ സെക്രട്ടറി ടി.പി. ജോർജ്, മുരളീധരൻ നായർ, ജോമോൻ കുരുവിള, എൻ.ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് തൊടുപുഴ സി.എസ്.ഡി ഓഫീസിന് മുന്നിൽ ധർണ നടത്താനും യോഗം തീരുമാനിച്ചു.