കട്ടപ്പന: അവശ്യഘട്ടങ്ങളിൽ അനിവാര്യമായ ആധുനിക ഉപകരണങ്ങളില്ലാത്തത് കട്ടപ്പന ഫയർ സ്റ്റേഷനെ പിന്നോട്ടടിക്കുന്നു. മുങ്ങൽ വിദഗ്ദ്ധർ സേനയിലുണ്ടായിട്ടും സ്‌കൂബ സെറ്റ് അടക്കമുള്ള ഉപകരണങ്ങളില്ലാത്തതിനാൽ അഞ്ചുരുളിയിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം പുറത്തെടുത്ത് ദൗത്യം പൂർത്തീകരിക്കാനായില്ല. ഒടുവിൽ തൊടുപുഴയിൽ നിന്നുള്ള സ്‌കൂബ ഡൈവിംഗ് സംഘത്തിന്റെ സഹായം തേടേണ്ടിവന്നു. വിദഗ്ദ്ധ പരിശീലനം ലഭിച്ച അഞ്ച് മുങ്ങൽ വിദഗ്ദ്ധരാണ് കട്ടപ്പന സേനയിലുള്ളത്. എന്നാൽ സ്വിം സ്യൂട്ട്, ഓക്സിജൻ സിലിണ്ടറുകൾ, മാസ്‌ക്, മർദ്ദം അളക്കുന്നതിനുള്ള മീറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ കട്ടപ്പന ഫയർ സ്റ്റേഷനിലില്ല. ഇടുക്കി ജലാശയത്തിൽ നിന്നു വിദ്യാർത്ഥിയുടെ മൃതദേഹം പുറത്തെടുക്കാൻ കാലതാമസം നേരിട്ടതും ഇതേ കാരണത്താലാണ്. അഞ്ചുരുളിയിൽ നിന്നു ഒന്നരക്കിലോമീറ്റർ അകലെ അപകടമുണ്ടായ സ്ഥലത്ത് അരമണിക്കൂറിനുള്ളിൽ സേനാംഗങ്ങൾ എത്തി തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ആധുനിക ഉപകരണങ്ങളുടെ അഭാവം ദൗത്യ പൂർത്തീകരണം വൈകിപ്പിച്ചു. ഇന്നലെ രാവിലെ തൊടുപുഴയിൽ നിന്നെത്തിയ സ്‌കൂബ ഡൈവിംഗ് സംഘം 10 മിനിറ്റിനുള്ളിൽ 40 അടി താഴ്ചയിൽ നിന്നു മൃതദേഹം കണ്ടെത്തി. ജില്ലയിൽ സ്‌കൂബ സെറ്റ് ഇനിയുമില്ലാത്തത് കട്ടപ്പന ഫയർ സ്റ്റേഷനിൽ മാത്രമാണ്. നെടുങ്കണ്ടത്തെ സ്റ്റേഷനിൽ സ്‌കൂബാ സെറ്റുണ്ടെങ്കിലും പരിശീലനം ലഭിച്ച ഡ്രൈവർമാരില്ല. സമാനമായ സാഹചര്യം വീണ്ടും ഉണ്ടായാൽ ലോ റേഞ്ചിലെ സഹപ്രവർത്തകരുടെ സഹായം തേടേണ്ടിവരും.