ഉപ്പുതറ: ഉപ്പുതറ പൊലീസ് സ്റ്റേഷനു സമീപത്തുകൂടിയുള്ള നടപ്പുവഴി അടച്ചതോടെ നാട്ടുകാരുടെ കുടിവെള്ളം മുട്ടിയതായി പരാതി. സമീപവാസിയുടെ പുരയിടത്തിലെ കിണറിൽ നിന്ന് കുടിവെള്ളം ശേഖരിക്കാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചുവന്ന വഴിയാണ് കഴിഞ്ഞദിവസം കെട്ടിയടച്ചത്. ഇതോടെ 30ൽപരം കുടുംബങ്ങൾ ദുരിതത്തിലായി. ഇതേ കിണറിൽ നിന്നാണ് മറ്റൊരു വഴിയിലൂടെ പൊലീസുകാരും കുടിവെള്ളം ശേഖരിക്കുന്നത്. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് വഴി അടച്ചതെന്നു പൊലീസ് പറയുന്നു. എന്നാൽ നടപടി പുനഃ പരിശോധിക്കണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി മനു ആന്റണി അറിയിച്ചു.