പൂപ്പാറയിൽ വീണ്ടും കാട്ടാന അക്രമണം; രണ്ട് വീടുകൾ അടിച്ചു തകർത്തു
രാജാക്കാട്: കാട്ടാന ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട് ഇടുക്കി പൂപ്പാറ ചൂണ്ടൽ നിവാസികൾ. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ അരിക്കൊമ്പൻ രണ്ട് വീടുകളാണ് അടിച്ചു തകർത്തത്. തലനാരിഴയ്ക്കാണ് വീടിനുള്ളിൽ ഉറങ്ങി കിടന്നവർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 12ന് മതികെട്ടാൻ ചോലയിൽ നിന്ന് എത്തിയ അരിക്കൊമ്പനെന്ന ആന വ്യാപാക നാശമാണ് വിതച്ചത്. വേൽമയിൽ, ആരോഗ്യ സ്വാമി എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്. വേൽമയിലിന്റെ വീട്ടുമുറ്റത്ത് എത്തി മുൻവശം ഇടിച്ച് നിരത്തി. ഈ സമയം വേൽമയിലും ഭാര്യയും ഇവിടെ ഇല്ലായിരുന്നു. ഇതിന് ശേഷം ആരോഗ്യ സ്വാമിയുടെ വീടിന്റെ മുന്നിലെത്തി ശബ്ദം കേട്ടുണർന്ന ആരോഗ്യസ്വാമിയും ഭാര്യ മുരുകമ്മാളും പുറത്തിറങ്ങുന്നതിന് മുമ്പ് കാട്ടാന വീട് ഇടിച്ചിടുകയായിരുന്നു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മണിക്കൂറുകൾ പ്രദേശത്ത് തമ്പടിച്ച അരിക്കൊമ്പനെ പാട്ടകൊട്ടിയും ബഹളം വച്ചും വെളുപ്പിന് നാലുമണിയോടെയാണ് തുരത്തിയത്.
ഉറക്കം നഷ്ടപ്പെട്ട് ജനം
അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമണത്തിൻ അടിയന്തര പരിഹാരം കാണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്കൊരുങ്ങുകയാണ് നാട്ടുകാർ. പലതവണ വനംവകുപ്പിന് പരാതി നൽകിയിട്ടും പ്രക്ഷോഭം നടത്തിയിട്ടും കാട്ടാന ശല്യത്തിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കാട്ടാനയെ പേടിച്ച് രാത്രി സമാധാനപരമായി വീട്ടിൽ കിടന്നുറങ്ങാനാകാത്ത സ്ഥിതിയിലാണ് പ്രദേശവാസികൾ. കാട്ടാനയെ എത്രയും ഉൾക്കാട്ടുകളിലേക്ക് തുരത്താൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. അതുവരെ രാത്രി ഉറക്കമളച്ച് കാത്തിരിക്കേണ്ടി വരുമെന്ന് ഇവർ പറയുന്നു.