ഇടവെട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടവെട്ടി പഞ്ചായത്ത് മഹല്ല് കോഡിനേഷന്റെ ആഭിമുഖ്യത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്ത ഭരണഘടന സംരക്ഷണ റാലിയും പൊതു സമ്മേളനവും നടത്തി. ഞായറാഴ്ച വൈകിട്ട് നാലിന് മാർത്തോമ പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ച റാലി മീൻമുട്ടി സെന്റ് തോമസ് മൂർ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ ഫ്ളാഗ് ഒഫ് ചെയ്തു. റാലി വലിയജാരം ജംഗ്ഷനിൽ എത്തി തിരിച്ച് ഇടവെട്ടിയിൽ സമാപിച്ചു. തുടർന്ന് വൈകിട്ട് ആറിന് മഹല്ല് കോഡിനേഷൻ ചെയർമാൻ ഹാഫിസ് മുഹമ്മദ് റാഫി കൗസരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം തൊടുപുഴ താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ കണിമറ്റം ആമുഖ പ്രഭാഷണവും കാർത്തിക് ശശി ആലപ്പാട് വിഷയാവതരണവും നടത്തി. തുടർന്ന് കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നിർവഹിച്ചു.