തൊടുപുഴ : ചിലയിടത്ത് കേട്ടാൽ അറയ്ക്കുന്ന തെറിവിളി. വേറെചിലയിടത്ത് ഉച്ചത്തിലുളള വാക്കേറ്റവും അട്ടഹാസവും. തൊടുപുഴ നഗരത്തിലെ ഗാന്ധി സ്ക്വയറിന് സമീപത്തെ നഗരസഭാ മാർക്കറ്റിൽ പതിവ് 'കലാപരിപാടി 'കളാണ്. പൊതു ചന്തയല്ലേ, ഇതൊക്കെ എല്ലായിടത്തും പതിവല്ലേ... എന്നൊക്കെ ചിലരെങ്കിലും ന്യായീകരിക്കുന്നുണ്ട്. ആയിക്കോട്ടെ, പക്ഷെ, ഇതെല്ലാം കേൾക്കാൻ സമീപത്ത് കുടുംബമായി താമസിക്കുന്നവരും ചന്തയിലെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരും എന്തുതെറ്റുചെയ്തു എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. വെളുപ്പാൻ കാലത്ത് തുടങ്ങുന്ന ചീത്ത വിളിയും അട്ടഹാസവും വാക്കേറ്റവും നേരം വെളുത്ത് ഒൻപത്,പത്ത് മണി വരെ നീണ്ടുനിൽക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മാർക്കറ്റിന് സമീപം താമസിക്കുന്നവർക്കും സാധനം വാങ്ങാൻ എത്തുന്നവർക്കും മാത്രമല്ല ; രാവിലെ ഇതുവഴി പോകുന്നവരുമെല്ലാം ഇതു കേട്ട് 'സായൂജ്യ'മടങ്ങണം.

വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ, വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ, തൊഴിലാളികൾ, മൊത്തക്കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ മറ്റുസ്ഥലങ്ങളിൽ നിന്ന് എത്തുന്ന ചെറുകിട കച്ചവടക്കാർ, സമീപ വീടുകളിലെ വിദ്യാർത്ഥികൾ,പുലർച്ചെ നടക്കാൻ പോകുന്ന സ്ത്രീകൾ ഉൾപ്പടെ നിരവധി പേരാണ് ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങളെ ഭയന്ന് പലരും ഇതു വഴിയുള്ള സഞ്ചാരം പോലും ഉപേക്ഷിച്ചിരിക്കുകയാണ്.

എന്നാൽ,​ മാർക്കറ്റിലെ എല്ലാവരും പ്രശ്നക്കാരാണെന്ന അഭിപ്രായമൊന്നും നാട്ടുകാർക്കില്ല. ഏതാനും ചിലയാളുകൾ ഉണ്ടാക്കുന്ന ബഹളമാണ് നാടിനെ മൊത്തത്തിൽ നാറ്റിക്കുന്നത്. നഗരസഭയുടെ നിയന്ത്രണത്തിലുളള മാർക്കറ്റ് 'ചന്ത' യായി അരങ്ങ് വാഴുമ്പോഴും ഇവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നം അറിഞ്ഞില്ല എന്ന ഭാവമാണ് അധികൃതർക്ക്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിച്ച് നഗരസഭ അധികൃതർക്ക് നിരവധി തവണ പരാതി നൽകുകയും ചില ചർച്ചകൾ നടന്നതുമല്ലാതെ കാര്യങ്ങൾക്ക് തീരുമാനമായില്ല. മാർക്കറ്റിലെ ഈ ബഹളമെല്ലാം നടക്കുന്നത് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയാണെന്നതാണ് രസകരമായ മറ്റൊരു കാര്യം. അതേസമയം,​ പ്രശ്ന പരിഹാരത്തിന് പൊലീസിനും താല്പര്യമില്ലെന്നും ജനസംസാരമുണ്ട്.

വഴിയടച്ച് വാഹനങ്ങൾ

റോഡിലാകമാനം ഒരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് മാർക്കറ്റിലെ മറ്റൊരു രീതി. കാൽനടപോലും ബുദ്ധിമുട്ടാണ്. യാതൊരു നിയന്ത്രണവുമില്ലാത്ത വാഹനപാർക്കിംഗ് ഗതാഗതകുരുക്കിനും ഇടയാക്കുന്നുണ്ട്.