വളർത്തുമൃഗങ്ങൾക്കും കടിയേറ്റു
കട്ടപ്പന: പേപ്പട്ടിയുടെ ആക്രമണത്തിൽ കുട്ടികളടക്കം ആറു പേർക്ക് പരിക്കേറ്റു. നിരവധി വളർത്തുനായ്ക്കൾക്കും കടിയേറ്റു. കൊച്ചുതോവാള മേഖലയിൽ തുടർച്ചയായ മൂന്നുദിവസമാണ് പേപ്പട്ടി ആക്രമണം നടത്തിയത്. പുഞ്ചിരിക്കവല അടയ്ക്കാക്കല്ലിൽ ഷാജി, മകൻ അജി, അജിയുടെ മകൾ കാർത്തിക, ഷാജിയുടെ സഹോദരൻ ബിനീഷ്, പനയ്ക്കച്ചിറ ടിംസന്റെ മകൻ മെബിൻ, ആലേപ്പുരയ്ക്കൽ സുനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ചിറയ്ക്കൽ ജിജിയുടെ വളർത്തുമൃഗങ്ങളായ ആട്, നായ എന്നിവയ്ക്കും കമുകിൻകര തോമസിന്റെ വളർത്തുനായയ്ക്കും കടിയേറ്റു. ശനിയാഴ്ച വളർത്തുമൃഗങ്ങളെ ആക്രമിച്ച പേപ്പട്ടി ഞായറാഴ്ച രാത്രി എട്ടോടെ അജിയെയാണ് ആദ്യം കടിച്ചത്. തുടർന്ന് മേഖലയിൽ വ്യാപകമായി ആക്രമണം നടത്തുകയായിരുന്നു. ഇന്നലെ രാവിലെ 8.45ഓടെ സ്‌കൂളിലേക്കു പോകാനായി അമ്മയ്‌ക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയപ്പോൾ മെബിനെ ആക്രമിക്കുകയായിരുന്നു. കണ്ണിനോടു ചേർന്ന് മുഖത്ത് സാരമായി പരിക്കേറ്റ മെബിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മറ്റുള്ളവർക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി. നാട്ടിൽ ഭീതി വിതച്ച പേപ്പട്ടിയെ ഇന്നലെ ഉച്ചയോടെ നാട്ടുകാർ തല്ലിക്കൊന്നു.