തൊടുപുഴ : ഇടുക്കി പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഇടുക്കി പ്രസ് ലീഗ് (ഐ.പി.എൽ 2020) 16ന് തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊലീസ്, എക്‌സൈസ്, റവന്യു, ആരോഗ്യവിഭാഗം, കെ.എസ്.ഇ.ബി, ഇടുക്കി പ്രസ്‌ക്ലബ്, ലയൺസ് ക്ലബ്, മർച്ചന്റ്സ് യൂത്ത് വിംഗ് എന്നീ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ 8.30 മുതൽ നടക്കുന്ന ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് പുളിമൂട്ടിൽ സിൽക്സ് സ്‌പോൺസർ ചെയ്യുന്ന 15,000 രൂപയും ഓവറോൾ കിരീടവുമാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും സഹ്യ ടീ നൽകുന്ന ട്രോഫിയും ലഭിക്കും. മാൻ ഓഫ് ദ സീരീസ് നേടുന്ന വ്യക്തിക്ക് ഹൈറേഞ്ച് ഹോം അപ്ലൈൻസസ് നൽകുന്ന ട്രോഫിയും ആയിരം രൂപയുമാണ് സമ്മാനം. മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ, വിക്കറ്റ് കീപ്പർ, സിക്സ് നേടുന്ന താരം എന്നിവർക്കും പുരസ്‌കാരം നൽകും. കൂടാതെ ഓരോ മത്സരങ്ങളിലെയും മികച്ച താരത്തിനും പുരസ്‌കാരമുണ്ട്. വാർത്താസമ്മേളനത്തിൽ പ്രസ്‌ക്ലബ് പ്രസിഡന്റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, പുളിമൂട്ടിൽ സിൽക്സ് എം.ഡി ഔസേപ്പ് ജോൺ പുളിമൂട്ടിൽ, പ്രസ്‌ക്ലബ് ടീം ക്യാപ്ടൻ സോജൻ സ്വരാജ് എന്നിവർ പങ്കെടുത്തു.