തൊടുപുഴ: കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥനു തിരികെ നൽകി വിദ്യാർത്ഥി. തൊടുപുഴ അൽ- അസ്ഹർ ലാ കോളേജ് വിദ്യാർത്ഥി പത്തനാപുരം സ്വദേശിയായ മുഹമ്മദ് ആഷിഖാണ് ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയായ ഏഴല്ലൂർ സ്വദേശി ജഗന് തിരികെ നൽകിയത്. പെരുമ്പിള്ളിച്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദും സഹപാഠി നോബിൾ അലക്‌സും കനാലിൽ കുളിക്കാനെത്തിയപ്പോഴാണ് കരയിൽ നിന്ന് മാല ലഭിക്കുന്നത്. ഉടമ അന്വേഷിച്ചു വരുമെന്ന പ്രതീക്ഷയിൽ രണ്ടു ദിവസം കാത്തിരുന്നെങ്കിലും എത്താതിരുന്നതിനാൽ പിന്നീട് മാല തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നൽകി. പിന്നീട് സമൂഹമാദ്ധ്യമങ്ങളിൽ മാല സ്റ്റേഷനിൽ ഏൽപ്പിച്ച വിവരവും നൽകി. ഇതു കണ്ടാണ് ജഗൻ പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്നലെ മുഹമ്മദ് ആഷിഖ് മാല ജഗന് കൈമാറി.