ജില്ലയിൽ ആകെ ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡിലുള്ളത് 10 ജീവനക്കാർ
തൊടുപുഴ: നിയന്ത്രിക്കാൻ ആളില്ലാതെ വന്നയോടെ മലിനീകരണ നിയന്ത്രണ ബോർഡ് വെറും മലിനീകരണ ബോർഡായി മാറി. ജലം, ഖരം, വായു മാലിന്യങ്ങളുടെ അളവ് പരിശോധിക്കുകയും നിയന്ത്രിക്കുകയുമാണ് ബോർഡിന്റെ ജോലി. എന്നാൽ ഇവ പരിശോധിക്കാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനം നിലവിൽ ബോർഡിനില്ല.
ജില്ലയിലാകെ മലിനീകരണ നിയന്ത്രണ ബോർഡിന് ഒരു ഓഫീസ് മാത്രമാണുള്ളത്- തൊടുപുഴയിലെ ജില്ലാ ഓഫീസ്. ഇവിടെ ആകെ 10 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്. ഇതിൽ അഞ്ച് താത്കാലിക ജീവനക്കാർ ലാബിൽ ജോലി ചെയ്യുന്നു. ബാക്കിയുള്ള അഞ്ച് ഉദ്യോഗസ്ഥർ വേണം ഹൈറേഞ്ചിലെയും ലോറേഞ്ചിലെയുമെല്ലാം മാലിന്യം സംബന്ധിയായ വിഷയം കൈകാര്യം ചെയ്യാൻ. ഇതിൽ ജില്ലാ പരിസ്ഥിതി എൻജിനീയറും ഒരു അസി. എക്സിക്യൂട്ടീവ് എൻജിനിയറും മാത്രമാണ് സ്ഥിരം ജീവനക്കാർ. മൂന്ന് കരാർ ജീവനക്കാരായ എ.ഇമാരുള്ളത് വനിതകളുമാണ്. ഈ അഞ്ചുപേരാണ് 52 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും മലിനീകരണം പരിശോധിക്കാനും നിയന്ത്രിക്കാനും. അതിനാൽ തന്നെ ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വ്യാപക പരാതിയാണ് ഉയരുന്നത്. ബോർഡിന്റെ ജില്ലാ ഓഫീസ് സ്ഥതി ചെയ്യുന്ന തൊടുപുഴയിൽ തന്നെ പുഴയിലേക്ക് മാലിന്യമൊഴുക്കുന്ന സംഭവങ്ങൾ പതിവായിട്ടും കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഹൈറേഞ്ചിൽ നിന്ന് പരാതി ലഭിച്ചാൽ പോലും പോയി അന്വേഷിക്കാനാകാത്ത സ്ഥിതിയാണ് ബോർഡിലുള്ളത്.
ചുമതലകൾ
1. മാലിന്യമുണ്ടാകുന്ന ഏത് സംരംഭം തുടങ്ങിയാലും മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതി വേണം
2. സ്ഥാപനങ്ങളിലെ മാലിന്യസംസ്കരണം കൃത്യമായി നടക്കുന്നുണ്ടോയെന്ന പരിശോധന
3. ക്വാറി ഉൾപ്പെടെയുള്ളവ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുണ്ടോയെന്ന പരിശോധിക്കുക
4. ജലാശയങ്ങളും അന്തരീക്ഷ വായുവും മലിനീകരിക്കപ്പെടുന്നുണ്ടോയെന്ന് പഠിച്ച് റിപ്പോർട്ട് നൽകുക
5. ജലം, ഖരം, വായു മലിനീകരണം സംബന്ധിച്ച പരാതികൾ പരിശോധിക്കുക
ആകെ ജീവനക്കാർ- 10
ജില്ലാ പരിസ്ഥിതി ഓഫീസർ- 1
എ.എക്സ്.ഇ- 1
എ.ഇ- 3 (വനിതകൾ)
ലാബ് ജീവനക്കാർ- 5
10 വർഷമായി നിയമനമില്ല
മലിനീകരണ നിയന്ത്രണ ബോർഡിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി സ്ഥിരം ജീവനക്കാരെ നിയമിക്കുന്നില്ല. വർഷങ്ങൾക്ക് മുമ്പേ നിയമനചുമതല പി.എസ്.സിക്ക് കൈമാറിയതാണ്. എന്നാൽ ഇതുവരെ ബോർഡിലെ നിയമനങ്ങൾ പി.എസ്.സി ഏറ്റെടുത്തിട്ടില്ല. അതിനാൽ ബോർഡ് താത്കാലിക ജീവനക്കാരെയെടുത്താണ് ഒഴിവുകൾ നികത്തുന്നത്.
വേണം എല്ലാ താലൂക്കിലും
എല്ലാ താലൂക്കിലും മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിലെ അഞ്ച് താലൂക്കുകളിലും ബോർഡിന് ഓഫീസും ജീവനക്കാരുമുണ്ടെങ്കിൽ ക്രിയാത്മകമായി ഇടപെടാനാകും. എന്നാൽ കൂടുതൽ തസ്തിക സൃഷ്ടിക്കാനോ ഓഫീസുകൾ അനുവദിക്കാനോ സർക്കാർ അനുമതി നൽകുന്നില്ല.