മറയൂർ: ഏതാനും ദിവസങ്ങളായി കടവയുടെ ആക്രമണത്തിന് ശമനം വന്നുവെന്ന് കരുതിയിരിക്കവെ വീണ്ടും നാട്ടുകാരെ ഭയപ്പെടുത്തി കടുവ ഇറങ്ങി. മറയൂരിന് സമീപത്തുള്ള കോഫി സ്റ്റോർ ചട്ടമൂന്നാർ മേഖലകളിൽ കടുവയുടെ ആക്രമണം . ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ചട്ടമൂന്നാർ ടോപ് ഡിവിഷനിൽ താമസിക്കുന്ന ഗണേശന്റെ കറവപശുവിനെ ചത്തനിലയിൽ കണ്ടെത്തിയത്. മേയൻ വിട്ട സ്ഥലത്തിന് സമീപത്താണ് അനേഷിച്ചെത്തിയപ്പോൾ കടിച്ചുകീറി കൊന്ന നിലയിൽ കണാൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പതിനൊന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. കന്നുകാലിവളർത്തലിലൂടെ വരുമാനം കണ്ടെത്തിവരുന്ന തോട്ടം തൊഴിലാളികൾ പശുക്കൾ ചത്തതോടെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിൽ മായകൃഷ്ണൻ, നാഗരാജ് പഴനി സ്വാമി എന്നിവരുടെ പശുക്കൾ ചത്തിരുന്നു. തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ലയങ്ങൾക്ക് സമീപത്ത് മേയാൻ വിട്ട പശുക്കളെ വരെ കടുവ കൊന്നിട്ടുള്ളതിനാൽ വൈകുന്നേരമായതിനാൽ പുറത്തിറങ്ങാൻ ഭയമാണെന്ന് തൊഴിലാളികൾ പറയുന്നു.