അടുത്തദിവസം തെളിവെടുപ്പ്
നെടുങ്കണ്ടം: ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ പുത്തടി മുല്ലൂർ റിജോഷ് കൊലപാതകത്തിലെ ഒന്നാം പ്രതിയും ഫാം ഹൗസ് മാനേജരുമായ ഇരിങ്ങാലക്കുട സ്വദേശി വസീം(32), രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ പനവേൽ ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന ഇരുവരെയും ശാന്തൻപാറ സി.ഐ. ടി.ആർ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേരളത്തിലെത്തിച്ചത്. ജനരോഷം കണക്കിലെടുത്ത് ഇരുവർക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അടുത്തദിവസം ഇവരെ ഫാം ഹൗസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിനുശേഷം വസീമും ലിജിയും മകൾ ജൊവാനയുമായി മുംബൈയിലെത്തിയിരുന്നു. തുടർന്ന് നവംബർ ഒൻപതിന് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ ജൊവാനയെയും അവശനിലയിൽ ലിജിയെയും വസീമിനെയും ഇവർ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ കണ്ടെത്തിയത്. പിന്നീട് പോലീസ് കസ്റ്റഡിയിൽ ജെ.ജെ. ആശുപത്രിയിലേക്ക് മാറ്റിയ ഇരുവരുടെയും അറസ്റ്റ് മഹാരാഷ്ട്രയിലും കേരളത്തിലും രേഖപ്പെടുത്തി മുംബൈയിൽ റിമാൻഡ് ചെയ്തു. ഇപ്പോൾ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായാണ് ഇവരെ കേരളത്തിൽ എത്തിച്ചത്. ഒക്ടോബർ 31നാണ് കേസിനാസ്പദമായ സംഭവം. റിജോഷിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് നവംബർ നാലുമുതൽ വസീമിനെയും ലിജിയെയും മകൾ ജൊവാനയെയും കാണാതായത്. അന്വേഷണം പുരോഗമിക്കവെ ഫാമിലെ കൃഷിയിടത്തിൽ നിന്നു റിജോഷിന്റെ മൃതദേഹം മറവുചെയ്ത നിലയിൽ കണ്ടെടുത്തു. ഇതിനിടെയാണ് ഒളിവിൽ പോയ വസീമിനെയും ലിജിയെയും വിഷം കഴിച്ച നിലയിലും റിജോഷിന്റെ രണ്ടര വയസ്സുള്ള മകൾ ജൊവാനയെ മരിച്ച നിലയിലും മുംബൈ പനവേലിലെ ഹോട്ടൽ മുറിയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയ ഇരുവരും അപകടനില തരണം ചെയ്തപ്പോൾ മുംബൈ പൊലീസ് ജൊവാനയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തിരുന്നു.