തൊടുപുഴ: നഗരസഭയും തൊടുപുഴ ഫിലിം സൊസൈറ്റിയും ചേർന്ന് കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷൈന്റയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 14- ാമത് തൊടുപുഴ ഫിലിംഫെസ്റ്റിവെൽ ഫെബ്രുവരി 13 മുതൽ 16 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 13ന് രാവിലെ 10ന് നഗരസഭാ ചെയർപേഴ്‌സൺ ജെസി ആന്റണി ഫെസ്റ്റിവെൽ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു മുഖ്യാതിഥിയാകും. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബുപള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചിത്രത്തിലെ അഭിനേതാക്കളും അതിഥികളായി പങ്കെടുക്കും.16 ന് വൈകിട്ട് 5 ന് സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്ത് ജോൺപോൾ, മുഖ്യാതിഥിയാകും. സംവിധായകൻ അരുൺരാജ് കർത്ത, തിരക്കഥാകൃത്ത് ദിലീഷ് നായർ, ഛായഗ്രാഹകൻ എം.ഡി. സുകുമാരൻ, ബാലചലച്ചിത്ര പിന്നണി ഗായിക ഹന്ന റെജി എന്നിവർ വിവിധ സെഷനുകളിൽ അതിഥികളായി പങ്കെടുക്കും. എല്ലാ ദിവസവും ഓപ്പൺ ഫോറം, മീറ്റ് ദ ഡയറക്ടർ എന്നിവ ഉണ്ടാകും. ഫോൺ: 9447824923, 9496181703, 9447046540. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, ഫിലിംസൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, സെക്രട്ടറി യു.എ. രാജേന്ദ്രൻ, എൻ. രവീന്ദ്രൻ, സജിത ഭാസ്‌ക്കർ എന്നിവർ പങ്കെടുത്തു.

പ്രദർശന സിനിമകൾ

13ന് ഉച്ചയ്ക്ക് രണ്ടിന് സ്റ്റീവ് മക്ക്വീൻ സംവിധാനം ചെയ്ത വിഖ്യാതചലച്ചിത്രം 'ട്വൊൽവ് ഇയേഴ്‌സ് എ സ്ലേവ് ' പ്രദർശിപ്പിക്കും. വൈകിട്ട് 5.30ന് ഹിന്ദി ചിത്രം 'ആർട്ടിക്കിൾ 15' (സംവിധാനം: അനുഭവ് സിൻഹ), 8ന് സ്പാനിഷ് ത്രില്ലർ 'മിറാഷ്' (സംവിധാനം: ഓറിയോൽ പൗലോ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടാംദിവസം രാവിലെ 10.30ന് തൊടുപുഴ ഫിലിം സൊസൈറ്റി ഗാന്ധിജിയെ കുറിച്ച് തയ്യാറക്കിയ 'റിമമ്പറിങ്ങ് മഹാത്മാ' എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. തുടർന്ന് രണ്ടിന് സ്പാനിഷ് ചിത്രം 'എവരിബഡി നോസ്' (സംവിധാനം: അസ്ഗർ ഫറാദി), 5.30ന് മലയാളചിത്രം 'മക്കന' (സംവിധാനം: റഹിം ഖാദർ), രാത്രി എട്ടിന് ഒട്ടേറെ അവാർഡുകൾ നേടിയ അറബിക് ചിത്രം 'തീബ് ' (സംവിധാനം: നജി അബു നവ്വാർ) എന്നിവയും പ്രദർശിപ്പിക്കും. മൂന്നാം ദിവസം രാവിലെ 10.30ന് മറാത്തി ചിത്രം 'സൈറാത്ത്' (സംവിധാനം: നാഗരാജ് മഞ്ജുളെ), രണ്ടിന് ജർമ്മൻ ചിത്രം 'ഹെയ്ദി' (സംവിധാനം: അലൻജി സ്‌പോണർ), അഞ്ചിന് മലയാളചിത്രം 'ഉയരെ' (സംവിധാനം: മനു അശോകൻ), രാത്രി എട്ടിന് ഫ്രഞ്ച് ചിത്രം 'ബാഗ് ഓഫ് മാർബിൾസ്' (സംവിധാനം: ക്രിസ്റ്റ്യൻ ദുഗെ) എന്നിവയും ഉണ്ടാകും. ഞായറാഴ്ച രാവിലെ 10.30ന് ക്ലാസിക് വിഭാഗത്തിൽ റോബർട്ട് മുള്ളിഗൻ സംവിധാനം ചെയ്ത വിഖ്യാതചിത്രം 'ടു കിൽ എ മോക്കിംഗ് ബേഡ്' പ്രദർശിപ്പിക്കും. തുടർന്ന് രണ്ട് മുതൽ നാല് വരെ നവാഗതസംവിധായകരുടെ ഹ്രസ്വചിത്രങ്ങൾ, 5.30ന് മലയാളചിത്രം 'ഹെലൻ' (സംവിധാനം: മാത്തുക്കുട്ടി സേവ്യർ), എട്ടിന് മെക്‌സിക്കൻ ചിത്രം 'ഇൻസ്ട്രക്ഷൻസ് നോട്ട് ഇൻക്ലൂഡഡ്' (സംവിധാനം: യൂജിനോ ദർബസ്) എന്നിവയും പ്രദർശിപ്പിക്കും.