തൊടുപുഴ: നാല് വർഷം മുമ്പ് വരെ ഭാനുമതി കർഷകയായ ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഇന്ന് ഈ അറുപത്തിയൊൻപത്കാരി മ്യൂറൽ പെയിന്റിംഗിലും പോർട്ട് ഡിസൈനിംഗിലും വിസ്മയം തീർക്കുന്ന കലാകാരിയാണ്. ഈ പ്രായത്തിൽ ഇവർ സാരിയിലും തുണികളിലും വരയ്ക്കുന്ന ചിത്രങ്ങൾ ആരെയും അദ്ഭുതപ്പെടുത്തും. പ്ലേറ്റും കുപ്പിയുമടക്കമുള്ള പാഴ്‌വസ്തുക്കളിൽ ഭാനുമതി തീർത്ത മനോഹര കരകൗശല ഉത്പന്നങ്ങൾ ആരെയും ആകർഷിക്കും. തൊടുപുഴ കോലാനി വാളൂർ നാരായണന്റെ ഭാര്യയായ ഭാനുമതി 1998ൽ തൊടുപുഴ നഗരസഭയുടെ മികച്ച കർഷകയായിരുന്നു. ഭർത്താവിന് പിന്നാലെ ഭാനുമതിയും അസുഖബാധിതയായതോടെ കൃഷി ചെയ്യാൻ വയ്യാതായി. വെറുതെ ഇരുന്ന് മടുത്തപ്പോഴാണ് മ്യൂറൽ പെയിന്റിംഗും പോർട് ഡിസൈനിംഗും പഠിക്കാൻ തീരുമാനിച്ചത്. കുട്ടികാലത്ത് ചിത്രം വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നത് എളുപ്പമായി. പഠനശേഷം വീട്ടിലെത്തി പാഴ്‌വസ്തുക്കളിലും തുണികളിലും പരീക്ഷിച്ചു. സ്വന്തം ഭാവനയിൽ വിരിയുന്നവ കൂടാതെ യൂട്യൂബിലും മറ്റും നോക്കി ഡിസൈനിംഗ് ചെയ്തു. കണ്ടവർക്കെല്ലാം വർക്കുകൾ ഇഷ്ടമായി. രണ്ട് പെൺമക്കളും അമ്മയെ പ്രോത്സാഹിപ്പിച്ചു. പിന്നീട് മകളുടെ സാരികളിലും ചുരിദാറിലും മ്യൂറൽ പെയിന്റിംഗ് ചെയ്തു. മനോഹര ഡിസൈനുകൾ കണ്ട് മകളുടെ കൂട്ടുകാരികളും ഈ ഡിസൈനർഅമ്മയെത്തേടിയെത്തി. പിന്നീട് അയൽക്കാരും പരിചയക്കാരുമെല്ലാം സാരിയും ചുരിദാറും ഡിസൈൻ ചെയ്യാൻ ഭാനുമതിയെ ഏൽപ്പിച്ചു തുടങ്ങി. ഇത് നല്ലൊരു വരുമാനമാർഗവുമായി. കാണാൻ ഭംഗിയാണെങ്കിലും ഇവ നിർമിക്കാൻ ഏറെ ക്ഷമയും സമയവും വേണം. ഇതിനിടെ കുപ്പി,​ പ്ലേറ്റ്,​ കൂജ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കൾ കാണാനും വാങ്ങാനും വാളൂർ വീട്ടിൽ ആളുകളെത്തി. ഭാനുമതി ഹാൻഡ് എംബ്രോയിഡറിയിലും തന്റെ കരവിരുത് പ്രകടപ്പിക്കും. കുഞ്ചിത്തണ്ണിയിൽ ജനിച്ചുവളർന്ന ഭാനുമതി പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. അയൽവാസിയായ കിഡ്നി രോഗിക്ക് വീടുവയ്ക്കാൻ അഞ്ച് സെന്റ് സ്ഥലം നൽകിയ ഭാനുമതിയും നാരായണനും നാട്ടുകാർക്ക് പ്രിയങ്കരരാണ്. മൂന്നരയേക്കർ സ്ഥലത്ത് നിന്ന് എസ്.എൻ.ഡി.പി യോഗം കോലാനി ശാഖയ്ക്കും ഇവർ സ്ഥലം നൽകിയിട്ടുണ്ട്. പെൺമക്കളായ ദീപയെയും സന്ധ്യയെയും വിവാഹം കഴിച്ചയച്ചു. ഭാനുമതിക്കും ഭർത്താവിനും ഇപ്പോഴത്തെ തിരക്കിട്ട ജോലികളിൽ തെല്ലും മടുപ്പില്ല, ശരിക്കും ത്രില്ലിൽതന്നെയാണ്.