കട്ടപ്പന: കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാനമന്ദിരം നാളെ തുറക്കും. മന്ത്രി എം.എം. മണി മന്ദിരോദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.സി. ബിജു അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണി ഓഡിറ്റോറിയവും മുൻ എം.പി. ജോയ്‌സ് ജോർജ് കോൺഫറൻസ് ഹാളും ഉദ്ഘാടനം ചെയ്യും. ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.എസ്. രാജൻ ഫോട്ടോ അനാഛാദനം ചെയ്യും. നവീകരിച്ച വളം ഡിപ്പോ കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശി ഉദ്ഘാടനം ചെയ്യും. സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. ഷേർളി ആദ്യനിക്ഷേപം സ്വീകരിക്കും. നവീകരിച്ച കൗണ്ടർ ജില്ലാ ബാങ്ക് മാനേജർ എ.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് കെ.സി. ബിജു, വൈസ് പ്രസിഡന്റ് ടി.ജി. കലേഷ്, ബോർഡ് അംഗങ്ങളായ വി.വി. ജോസ്, ജോസ് ഞായർകുളം, എം.ജി. ബാലകൃഷ്ണൻ, സി.പി. അജിത്കുമാർ, കെ.ടി. സ്‌കറിയ എന്നിവർ അറിയിച്ചു.
1961ൽ പ്രവർത്തനമാരംഭിച്ച ബാങ്കിൽ 16,469 അംഗങ്ങളും 1.4 കോടി രൂപയുടെ ഓഹരിയും 22.31 കോടിയുടെ നിക്ഷേപവും 49.17 കോടിയുടെ വായ്പയും നിലവിലുണ്ട്. ഹെഡ് ഓഫീസിനു പുറമേ കാഞ്ചിയാർ, സ്വരാജ്, ലബ്ബക്കട എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിച്ചുവരുന്നു.