കട്ടപ്പന: കട്ടപ്പന നഗരസഭാ പരിധിയിൽ തെരുവുനായ വന്ധ്യംകരണം ആരംഭിച്ചു. കുടുംബശ്രീയുടെ കീഴിലുള്ള അനിമൽ ബർത്ത് കൺട്രോൾ യൂണിറ്റിന്റെ സഹായത്തോടെ ആദ്യദിനത്തിൽ വിവിധ സ്ഥലങ്ങളിലായി അലഞ്ഞുതിരിഞ്ഞ 12 നായ്ക്കളെ പിടികൂടി. എ.ബി.സിയുടെ ചെറുതോണിയിലെ യുണിറ്റിലെത്തിച്ച് വന്ധീകരണം നടത്തും. തുടർന്ന് പ്രതിരോധ കുത്തിവയ്പ്പും നൽകി പിടികൂടിയ മേഖലകളിൽ തുറന്നുവിടും. കുത്തിവയ്പ്പ് നൽകുന്നതിനാൽ നായ്ക്കൾക്ക് പേവിഷബാധ ഉണ്ടാകുകയില്ല. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ 17 മുതൽ വളർത്തുന്ന നായ്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകും. തെരുവുനായ്ക്കളെ പിടികൂടാൻ പൊതുജനത്തിന്റെ സഹകരണവും നഗരസഭ അധികൃതർ തേടിയിട്ടുണ്ട്. പേപ്പട്ടി ആക്രമണം നഗരസഭാപരിധിയിൽ വർദ്ധിച്ചതോടെയാണ് നഗരസഭ അനിമൽ ബർത്ത് കൺട്രോൾ ഇടുക്കി യൂണിറ്റിന്റെ സഹായം തേടിയത്.മൂന്ന് ദിവസങ്ങളിലായി വിദ്യാർഥികളടക്കം ആറുപേർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ഇപ്പോഴും ചികിത്സയിലാണ്. കൂടാതെ നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിരുന്നു.