കട്ടപ്പന: താലൂക്ക് ആശുപത്രിയിൽ വാഹന പാർക്കിംഗിനു സൗകര്യമില്ലാത്തത് രോഗികളെ വലയ്ക്കുന്നു. ഇതോടെ ആശുപത്രിയിലെത്തുന്നവരുടെ വണ്ടികൾ ഇരുപതേക്കർതൊവരയാർ റോഡിൽ പാർക്ക് ചെയ്യുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കഴിഞ്ഞദിവസം സാധനങ്ങൾ കയറ്റിയെത്തിയ ലോറി ഏറെനേരം കുരുക്കിൽപ്പെട്ടു. ഒടുവിൽ ആശുപത്രിയിലെത്തിയ വാഹന ഉടമകളെ കണ്ടെത്തി സ്ഥലത്തെത്തിച്ച് വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. എല്ലാദിവസവും ഇതേ സ്ഥിതിയാണെന്നു ടാക്സി ഡ്രൈവർമാർ പറയുന്നു.ഇരുപതേക്കറിൽ നിന്നു തൊവരയാർ വഴി എളുപ്പത്തിൽ കക്കാട്ടുകടയിലെത്താൻ കഴിയുന്ന പാതയിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. ആശുപത്രിയോടു ചേർന്നുള്ള താത്കാലിക പാർക്കിംഗ് ഗ്രൗണ്ട് അപര്യാപ്തമാണ്. മുമ്പ് വാഹനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാർഡും ഇപ്പോൾ ആശുപത്രിയിലില്ല.