ഇടുക്കി : സ്ഥിരതാമസമില്ലാത്തവർക്ക് വനഭൂമിയിൽ വ്യക്തിഗത അവകാശം നൽകില്ല, പകരം ഇവർക്ക് വനവിഭവം ശേഖരിക്കുന്നതിനുള്ള സാമൂഹികാവകാശം നൽകും . വനാവകാശ സംരക്ഷണ നിയമ പ്രകാരം നൽകുന്ന ആനുകൂല്യം സംബന്ധിച്ച അപേക്ഷകൾ ജില്ലാ കളക്ടർ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ജില്ലാ സമിതി വിലയിരുത്തിയാണ് തീരുമാനമെടുത്തത്. കോളനികളിലെ പൊതുവായ ആവശ്യത്തിന് സ്ഥലം അനുവദിക്കുന്നത് നിയമ പരിധിയിൽ നിന്ന് മാത്രമേ കഴിയൂ. കണ്ണംപടി സെറ്റിൽമെന്റിലെ തർക്കം പരിഹരിക്കുന്നതിന് യോഗം വിളിക്കുന്നതിന് ഇടുക്കി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറെ ചുമതലപ്പെടുത്തി. സബ് ഡിവിഷൻ തലത്തിലും ഡിവിഷൻ തലത്തിലും സമയബന്ധിതമായി അവലോകനം യോഗം ചേർന്ന് അപേക്ഷ പരമാവധി വേഗത്തിൽ തീർപ്പാക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ലഭിച്ച 8047 അപേക്ഷകളിൽ 7057 എണ്ണം തീർപ്പാക്കി. 426 എണ്ണം രേഖ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മറ്റുള്ളവയുടെ നടപടിക്രമം വിവിധ ഘട്ടത്തിൽ പുരോഗമിക്കുകയാണ്. എൽ എ ആന്റ് എൽ ആർ ഡെപ്യൂട്ടി കലക്ടർ സാബു കെ ഐസക്, അടിമാലി അസി. ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ എസ് എ നജീം, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, ഇടുക്കി പ്രൊജ്ര്രക് ഓഫീസർ അനിൽ ഭാസ്‌കർ, ഡിഎഫ്ഒ, ആർ എഫ് ഒ മാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.