ഇടുക്കി : കർഷകർ ഉപയോഗിക്കുന്നതും കാർഷിക കണക്ഷൻ ഉള്ളതുമായ പമ്പ് സെറ്റുകൾ സൗരോർജത്തിലേക്കു മാറ്റുന്നതിന് അവസരം. 1 എച്ച് പി പമ്പിന് ഒരു കിലോവാട്ട് എന്ന രീതിയിൽ ഓൺഗ്രിഡ് സൗരോർജ യൂണിറ്റ് സ്ഥാപിക്കാം. ഒരു കിലോവാട്ടിന് 54000 രൂപ ചെലവുവരും. അതിൽ 60 ശതമാനം സർക്കാർ സബ്സിഡി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നൽകിയാൽ നിലവിലുള്ള പമ്പുകൾ സൗരോർജത്തിലേക്ക് മാറ്റാം.
ഒരു കിലോവാട്ടിന് 100 ചതുരശ്രയടി എന്ന കണക്കിന് നിഴൽരഹിത സ്ഥലമുള്ള കർഷകർക്ക് അപേക്ഷിക്കാം. ഒരു കിലോവാട്ട് സൗരപാനലിൽ നിന്ന് സൂര്യപ്രകാശ തോത് അനുസരിച്ച് 35 യൂണിറ്റ് ലഭിക്കും. അധികം വരുന്ന വൈദ്യുതി കെ എസ് ഇബി ഗ്രിഡിലേക്ക് നൽകാം. അതിലൂടെ കർഷകർക്ക് അധികവരുമാനം ലഭിക്കും.
താത്പര്യമുള്ള കർഷകർ അനെർട്ടിന്റെ ജില്ലാ ഓഫീസിൽ പേര്, ഫോൺ നമ്പർ, പമ്പിന്റെ ശേഷി (ഒരു എച്ച്പി മുതൽ പത്ത് എച്ച്പി വരെ) എന്നിവ നൽകുമ്പോൾ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9188119406