തൊടുപുഴ: പഴയ ബസ് സ്റ്റാൻഡിനെ ചൊല്ലിയുള്ല തർക്കത്തിൽ ജില്ലാ കളക്ടർ ഇടപെടുന്നു. നഗരസഭയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുമായി 14ന് കളക്ട്രേറ്റിൽ ഹാജാരാകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയർപഴ്‌സൻ ജെസി ആന്റണി കൗൺസിൽ യോഗത്തിൽ അറിയിച്ചു. 1995ൽ ഇവിടെ ഉണ്ടായിരുന്ന വനംവകുപ്പ് ഓഫീസ് മാറ്റി റവന്യൂ ടവർ നിർമിക്കാൻ അന്ന് എം.എൽ.എയായിരുന്ന പി.ടി. തോമസാണ് ശ്രമം നടത്തിയത്. ഇതിന് നഗരസഭയുടെ അന്നത്തെ ബസ് സ്റ്റാൻഡും ഏറ്റെടുത്തു. പിന്നീട് പദ്ധതി ഉപേക്ഷിച്ചു. 2002ൽ കെട്ടിട സമുച്ചയം ഉണ്ടാക്കാൻ ഈ സ്ഥലം ഭവന നിർമാണ വകുപ്പിന് കൈമാറി. അതും നടന്നില്ല. ഈ കൗൺസിലിന്റെ കാലത്ത് ഇവിടം നഗരസഭ മണ്ണിട്ട് നികത്തി. വാഹന പാർക്കിംഗിനും പൊതുയോഗം നടത്താനും നൽകി. ഇതിനിടെ വനം വകുപ്പ് സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദവുമായി രംഗത്തെത്തി. ഇതിന്റെ തുടർച്ചയായി ഭവന നിർമാണ വകുപ്പും പരാതിയുമായെത്തി. ഇതോടെയാണ് ഉടമസ്ഥാവകാശ രേഖ ഹാജരാക്കാൻ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. വനം വകുപ്പ് ഓഫീസ് മാറ്റുന്നതിന് നേരത്തെ മുട്ടത്ത് എം.വി.ഐ.പി വക 35 സെന്റ് സ്ഥലം വിട്ടു കൊടുത്തിരുന്നതായി നഗരസഭ അധികൃതർ പറയുന്നു. ഭവന നിർമാണ വകുപ്പിന് നൽകിയിരുന്ന സ്ഥലം പദ്ധതി ഉപേക്ഷിച്ചതോടെ നഗരസഭ പ്രമേയം പാസാക്കി ഏറ്റെടുത്തിരുന്നു.