ചെറുതോണി: സമാന്തര ഓട്ടോ സർവ്വിസിനെച്ചൊല്ലി ചെറുതോണിയിലെയും മണിയാറൻകുടിയിലെയും ഓട്ടോറിക്ഷതൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷം കൈയ്യാങ്കളിയിലെത്തി. ദിവസങ്ങളായി ചെറുതോണിയിലെയും മണിയാറൻകുടിയിലെയും ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് സർവ്വീസ് നിറുത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിൽ അരമണിക്കൂറിലധികം ചെറുതോണിയിൽ ഗതാഗതം തടസപ്പെട്ടു. റോഡ് ഉപരോധിക്കുന്നതിനിടെ ആളുകൾക്കിടയിലൂടെ ഓട്ടോറിക്ഷയിടിച്ച് കയറ്റിയതിനെ തുടർന്ന് ഓട്ടോറിക്ഷ തൊഴിലാളിയായ താന്നിക്കണ്ടം വാഴയിൽ സിൽവി ഷാജിയുടെ കാൽപാദം ചതഞ്ഞ് കാലിന് പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ഇന്നലെ ഒരുമണിയോടെ മണിയാറാംകുടിയലെ ഓട്ടോറിക്ഷ ഡ്രൈവർ ചെറുതോണിയിൽ നിന്ന് മണിയാറൻകുടിയിലേയ്ക്ക് സമാന്തര സർവ്വീസ് നടത്തുന്നൂവെന്നാരോപിച്ച് ചെറുതോണിയിലെ ഓട്ടോ തൊഴിലാളികൾ മണിയാറൻകുടി കൈനിയിൽ അഷറഫിന്റെ ഓട്ടാറിക്ഷ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഭവത്തിന് തുടക്കം. വിവിരമറിഞ്ഞ് മണിയാറൻകുടിയിൽ നിന്നെത്തിയ തൊഴിലാളികൾ ചെറുതോണിയിൽ പ്രകടനം നടത്തി. തൊട്ടുപുറകെ ചെറുതോണിയിലെ ഡ്രൈവർമാരും പ്രകടനം നടത്തിയതോടെയാണ് സംഘർഷത്തിലെത്തിയത്. സംഭവത്തിൽ പരുക്കേറ്റ അഷറഫിന്റെ ഭാര്യ താഹിറയുംപുത്തൻപുരയ്ക്കൽ സതീഷും മെഡിക്കൽ കോളജിൽ ചികിത്സ തേടി. ചെറുതോണിയിലെയും മണിയാറൻകുടിയിലെയും തൊഴിലാളികൾ പണിമുടക്കി. തുടർന്ന് വൈകിട്ട് അഞ്ചിന് ഇടുക്കി സി.ഐയുടെ ഓഫീസിൽ ആർ.ടി.ഒ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യൂണിയൻ നേതാക്കന്മാരും തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സമരം പിൻവലിച്ചു. നിബന്ധനകൾക്ക് വിധേയമായി ഓട്ടോറിക്ഷകൾ ഓടിക്കാൻ തീരുമാനിച്ചു. നിലവിൽ സർവ്വീസ് നടത്തുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസും നാല് പ്രൈവറ്റ് ബസും കൃത്യസമയത്ത് എല്ലാ ദിവസവും സർവ്വീസ് നടത്തുന്നതിനും തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിയുടെ ഒരു ബസുകൂടി അനുവദിക്കാമെന്ന് കെ.എസ്.ആർ.ടി.സി ഡയറക്ടർ സി.വി വർഗീസും അറിയിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.