മുട്ടം: എഞ്ചിനിയറിങ്ങ് കോളേജിൽ പ്രിൻസിപാളിനെയും അദ്ധ്യാപകർ ഉൾപ്പടെയുള്ള മറ്റ് ഇരുപതോളം ജീവനക്കാരെയും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ തടഞ്ഞു വെച്ചു. സസ്‌പെന്റ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ എഞ്ചിനിയറിങ്ങ് കോളേജിലെ വനിതാ പ്രിൻസിപ്പാളിനെയും മറ്റുള്ളവരെയും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 4 മുതൽ 7 വരെ തടഞ്ഞു വെച്ചത്.സീനിയർ വിദ്യാർഥികൾ നിൽക്കുന്ന സ്ഥലത്തേക്ക് ജൂനിയർ വിദ്യാർഥികൾ വന്നു എന്നതിന്റെ പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതേ തുടർന്ന് അന്ന് വൈകിട്ട് കോടതി കവലയിൽ വെച്ച് വിദ്യാർഥികൾ തമ്മിൽ വീണ്ടും വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഏതാനും വിദ്യാർത്ഥികളെ കോളേജിൽ നിന്ന് അന്വേഷണ വിധേയമായി ഇന്നലെ സസ്‌പെന്റ് ചെതു..ഇതാണ് തടഞ്ഞ്വെക്കലിന് കാരണമായത്. എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർഥികൾ കൂടാതെ പൊളി ടെക്നിക്ക് കോളേജ്,ഐ എച്ച് ആർ ഡി കോളേജ് മറ്റ് സമീപ പ്രദേശത്തുള്ള നൂറോളം വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് തടഞ്ഞു വെച്ചത്. സംഭവം അറിഞ്ഞു കോളേജിലെത്തിയ മുട്ടം എസ് ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി നേതാക്കളും കോളേജ് അധികൃതരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല. ഇന്നും കോളേജ് കൗണ്സിലിന്റെ നേതൃത്വത്തിൽ ചർച്ച നടക്കും. എന്നാൽ പ്രിൻസിപ്പൽ ഉൾപ്പെടയുള്ള വനിതകളെ രാത്രി 7 മണി വരെ പുറത്തിറങ്ങാൻ കഴിയാത്ത വിധം തടഞ്ഞു വെച്ചതിൽ വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.