 നഗരസഭയിലെ വീടുകളുടെ വിവരങ്ങളടങ്ങിയ സോഫ്ട്‌വെയർ റെഡി

തൊടുപുഴ: നഗരസഭയിലെ എല്ലാ വീടുകളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങളടങ്ങിയ വെബ് ആപ്ലിക്കേഷൻ സോഫ്ട്‌വെയർ തയ്യാറായി. ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങൾക്കടക്കം തങ്ങളുടെ മേഖലയിലെ വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാകും. നഗരസഭാ കൗൺസിലർമാർക്ക് സ്വന്തം വാർഡിനെ സംബന്ധിച്ച സമഗ്രചിത്രം ഈ സോഫ്റ്റ്‌വെയറിലൂടെ ലഭിക്കും. ഇതിനായി ഓരോരുത്തർക്കും പ്രത്യേക പാസ്‌വേർഡും നൽകും. കരകുളം ഗ്രാമീണ പഠനകേന്ദ്രമാണ് സോഫ്ട്‌വെയർ നിർമിച്ചത്. വിവരശേഖരണത്തിനായി 15 ലക്ഷം രൂപയാണ് കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിന് നഗരസഭ നൽകിയത്. വില്ലേജ്, മുനിസിപ്പൽ അതിർത്തി, വാർഡ് അതിർത്തി, ഭൂവിനിയോഗം, റോഡ് കണക്ടിവിറ്റി എന്നിവയുടെ മാപ്പുകൾ, വിഭവ- ആസ്തി- ജലവിഭവ ഭൂപടങ്ങൾ എന്നിവയാണ് സോഫ്ട്‌വെയറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മാപ്പിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്ന 'ജിയോ ടാഗ്' സംവിധാനമാണ് സോഫ്റ്റ്‌വെയറിലുള്ളത്‌. നിർവഹണ ഉദ്യോഗസ്ഥർക്കും നഗരസഭാ സെക്രട്ടറിക്കും മാത്രമേ ഭാവിയിൽ ഇതിൽ കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ നടത്താൻ കഴിയൂ. നിർവഹണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർക്കൽ വരുത്തിയാൽ പോലും സെക്രട്ടറിയുടെ അംഗീകാരത്തോടെയായിരിക്കും സോഫ്‌ട്‌വെയറിൽ വിവരങ്ങൾ പുതുക്കുക.

എന്തൊക്കെ ലഭ്യമാകും

കെട്ടിട നമ്പരിൽ ക്ലിക് ചെയ്താൽ അതത് വീടുകളിലെ അംഗങ്ങൾ, അവരുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംബന്ധമായ കാര്യങ്ങൾ, ജീവിതനിലവാരം തുടങ്ങിയ വിശദവിവരങ്ങൾ ലഭിക്കും. പൊതു ആസ്തികൾ, ജലസ്രോതസുകൾ തുടങ്ങി തെരുവുവിളക്കുകളെ സംബന്ധിച്ചുളള വിവരങ്ങൾ വരെയുണ്ട്. നഗരസഭയിലെ വീടുകൾ, സ്ഥാപനങ്ങൾ, മറ്റ് ആസ്തികൾ മുതലായവ സ്ഥാനം, അക്ഷാംശം– രേഖാംശം ക്രമത്തിൽ കൃത്യമായി കണ്ടെത്താനാകും. നഗരസഭാ പ്രദേശത്തെ കൃഷിരീതികളും ഭൂവിനിയോഗവുമെല്ലാമുണ്ട്.

ഗുണങ്ങൾ

 നഗരസഭയുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലഭ്യമാകുമെന്നതിനാൽ ജോലികൾ വേഗത്തിലാകും

 വാർഡുതല അതിർത്തി നിർണയവും ഇതിന്റെ അടിസ്ഥാനത്തിലുള്ള വിവരശേഖരണവും എളുപ്പമാകും

 വികസിത- അവികസിത മേഖലകൾ തിരിച്ചറിഞ്ഞ് പദ്ധതികൾ തയ്യാറാക്കാം. ഇതിലൂടെ വികസനത്തിന് വേഗം കൈവരും