കോട്ടയം: അനധികൃതമായി മണ്ണിടിക്കുന്ന മാഫിയക്കെതിരായ സേവ് എർത്ത് പരിശോധനയിൽ 15 ടിപ്പർ ലോറികളും എട്ടു ജെ.സി.ബികളും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഈ സ്ഥലങ്ങളിൽ അനധികൃതമായി മണ്ണെടുക്കുന്നതിനായി ഉപയോഗിച്ചിരുന്ന ലോറികളും ജെ.സി.ബികളുമാണ് പിടികൂടിയത് . ഇടുക്കി ജില്ലയിലെ പതിനാലാം മൈൽ (അടിമാലി) പെരുമ്പിള്ളിച്ചിറ, (തൊടുപുഴ) ഇരുപതേക്കർ (കട്ടപ്പന) എന്നിവിടങ്ങളിലും ആലപ്പുഴ ജില്ലയിലെ പാലമേൽ, നൂറനാട്, അരീക്കര, വള്ളിക്കുന്നം, ചെങ്ങന്നൂർ എന്നിവിടങ്ങളിലും അനധികൃത മണ്ണെടുപ്പ് കണ്ടെത്തി.
അരീക്കര ഭാഗത്തുനിന്ന് 700 ലോഡോളം മണ്ണ് കടത്തിയതായി കണ്ടെത്തി. 25 ലക്ഷത്തോളം രൂപ പിഴ അടയ്‌ക്കേണ്ട കുറ്റകൃത്യമാണിത്.
മൈനിംഗ് ആൻഡ് ജിയോളജി-റവന്യൂ- പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഖനനം നടക്കുന്നതെന്നാണ് സൂചന. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും.

പരിശോധനയിൽ വിജിലൻസ് ഡിവൈ.എസ്. പി. മാരായ എൻ. രാജൻ, വിശ്വനാഥൻ എ. കെ , എം. കെ. മനോജ്, ഇൻസ്‌പെക്ടർമാരായ റിജോ പി. ജോസഫ്, രാജൻ കെ. അരമന, അജിത്കുമാർ, സദൻ, രാജേഷ് കെ. എൻ., ടിപ്‌സൺ തോമസ് മേക്കാടൻ, ഋഷികേശൻ നായർ, കെ. വി. ബെന്നി, ബാബുക്കുട്ടൻ എൻ, റിജു വി. എസ്. എന്നിവർ പങ്കെടുത്തു.